കേരളം പിടിക്കാമെന്ന അമിത് ഷായുടെ മോഹം വിലപ്പോവില്ലെന്ന് കോടിയേരി; കോണ്‍ഗ്രസിനും വിമര്‍ശനം

single-img
3 June 2017

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മോഹം ഈ നാട്ടില്‍ വിലപ്പോവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോര്‍പ്പറേറ്റുകളില്‍ നിന്നും ശേഖരിച്ച 1200 കോടി രൂപ കേരളത്തില്‍ ഒഴുക്കിക്കൊണ്ട് സംഘപരിവാരത്തിന്റെ അടിത്തറ കെട്ടാനാണ് അമിത് ഷായുടെ ശ്രമം. ബി.ജെ.പിയുടെ ഇത്തരം നീക്കങ്ങളെ കോണ്‍ഗ്രസ് കണ്ടില്ലെന്ന് നടിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വന്ന് എഴുപത് പ്ലസ് നേടി കേരളം പിടിക്കുമെന്ന് പറഞ്ഞുപോയ ആളാണ്, ഇപ്പോള്‍ പാര്‍മെന്റ് ഇലക്ഷനില്‍ കേരളം പിടിക്കുമെന്ന് പറയാനാണ് വന്നിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു. അമിത് ഷായുടെ ഈ മോഹം കേരളത്തില്‍ വിലപ്പോവില്ലെന്നും കോടിയേരി ഓര്‍മ്മിപ്പിച്ചു.

 

കേന്ദ്രത്തിന്റെ കശാപ്പ് നിരോധന വിജ്ഞാപനം രാജ്യത്ത് സൃഷ്ടിച്ച പ്രതിസന്ധി വിവരണാതീതമാണ്. ഇതിനെ മറികടക്കാന്‍ അവര്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് പണം വ്യാപകമായി പിരിക്കുകയാണ്. വിജ്ഞാപനം ജനങ്ങളോടും ഭരണഘടനയോടുമുള്ള വെല്ലുവിളി ആയതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടുന്നത്. എന്തുകൊണ്ട് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഈ സമീപനം സ്വീകരിക്കുന്നില്ലെന്നും കോടിയേരി ചോദിച്ചു.