ഭീകരപ്രവര്‍ത്തനത്തിന് ധനസഹായം; ഡല്‍ഹിയിലും കശ്മീരിലും എന്‍.ഐ.എ റെയ്ഡ്

single-img
3 June 2017

ന്യൂഡല്‍ഹി: ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന സ്ഥാപനങ്ങളിലും കേന്ദ്രങ്ങളിലും ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ റെയ്ഡ് നടത്തി. ജമ്മുകശ്മീരിലെ 14 സ്ഥലങ്ങളിലും ഹരിയാന ദില്ലി എന്നിവിടങ്ങളിലെ എട്ട് കേന്ദ്രങ്ങളിലുമായിരുന്നു പരിശോധന. കശ്മിരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പാകിസ്താനിലെ ലഷ്‌കര്‍ കേന്ദ്രങ്ങളില്‍ നിന്ന് പണം ലഭിക്കുന്നുവെന്ന സംശയത്തെത്തുടര്‍ന്നാണ് റെയ്ഡ്. ഹവാല ഇടപാടുകാരുടെ കേന്ദ്രങ്ങളിലാണ് പരിശോധന.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുന്നുണ്ടെന്ന് സ്റ്റിംഗ് ഓപ്പറേഷനില്‍ വെളിപ്പെടുത്തിയ നയീം ഖാന്റെ കശ്മീരിലെ വീട്ടിലും റെയ്ഡ് നടന്നു. ഒരു ചാനല്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനെത്തുടര്‍ന്ന് എന്‍ഐഎ നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് റെയ്ഡ്. അന്വേഷണത്തെത്തുടര്‍ന്ന് കശ്മീര്‍ വിഘടനവാദി നേതാവ് സയിദ് അലി ഷാ ഗിലാനി, ലഷ്‌കര്‍ ഇ തയ്ബ സ്ഥാപകന്‍ ഹാഫിസ് സയീദ് തുടങ്ങി അഞ്ചു പേര്‍ക്കെതിരെ എന്‍ഐഎ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.