സ്‌ട്രെച്ചര്‍ നല്‍കിയില്ല; രോഗിയായ ഭര്‍ത്താവിനെ ആശുപത്രി വരാന്തയിലൂടെ വലിച്ചിഴച്ച് ഭാര്യ

single-img
3 June 2017

ഷിമോഗ: ആശുപത്രി അധികൃതര്‍ സ്‌ട്രെച്ചര്‍ വിട്ടുനല്‍കാത്തതിനാല്‍ എക്‌സ്‌റേ എടുക്കാന്‍ രോഗിയായ ഭര്‍ത്താവിനെ ഭാര്യ വലിച്ചിഴച്ച് കൊണ്ടുപോവുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കര്‍ണാടകയിലെ ഷിമോഗയിലെ മേഘന്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് രാജ്യത്തെ നാണിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.

രോഗബാധിതനായ ഭര്‍ത്താവ് ആമിര്‍ സാബിന് എക്‌സ്‌റേ എടുക്കേണ്ടി വന്നതിനാല്‍ സ്‌ട്രെച്ചര്‍ ഇല്ലാത്തതിനാല്‍ വാര്‍ഡില്‍ നിന്ന് എക്‌സ്‌റേ റൂമിലേക്ക് വലിച്ചിഴക്കാന്‍ ഭാര്യ ഫാംഹിദ നിര്‍ബന്ധിതയാകുകയായിരുന്നു. സ്വയം എഴുന്നേറ്റ് നടക്കാനാവാത്ത ആമിര്‍ സാബിനെ താങ്ങി കൊണ്ടുപോവാനുള്ള ശേഷി ഫാംഹിദയ്ക്കും ഇല്ലാത്തതിനാലാണ് വലിച്ചിഴക്കേണ്ടി വന്നത്. ആശുപത്രിയില്‍ നിരവധി ആളുകള്‍ നോക്കി നില്‍ക്കേയാണ് ഫാംഹിദയ്ക്ക് ഭര്‍ത്താവിനെ നിലത്ത് വലിച്ച് കൊണ്ടുപോവേണ്ടി വന്നത്.

കഴിഞ്ഞ നവംബറില്‍ അനന്തപുര്‍ ജില്ലയിലെ മറ്റൊരു ഹോസ്പിറ്റലിലും സ്‌ട്രെച്ചര്‍ വിട്ടുനല്‍കാത്തതിനാല്‍ മറ്റൊരു സ്ത്രീക്ക് ഭര്‍ത്താവിനെ റാമ്പിലൂടെ വലിച്ചിഴക്കേണ്ടി വന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ മെയ് 21 ന് അധികൃതര്‍ ആംബുലന്‍സ് വിട്ടു നല്‍കാത്തതിനാല്‍ ഭാര്യയുടെ മൃതദേഹം ചുമന്ന് കിലോമീറ്ററുകളോളം നടക്കേണ്ടി വന്ന വാര്‍ത്ത രാജ്യത്തെ ഞെട്ടിച്ചതിന് പിന്നാലെയാണ് ഈ സംഭവം അരങ്ങേറിയിരിക്കുന്നത്.