സംസ്‌കാരത്തിനു പണമില്ല; ഹൈദരാബാദില്‍ പിതാവ് മകളുടെ മൃതദേഹം അഴുക്കുചാലില്‍ ഒഴുക്കി

single-img
3 June 2017

ഹൈദരാബാദ്: ശവദാഹത്തിന് പണം കണ്ടെത്താനാകാതെ വലഞ്ഞ പിതാവ് മകളുടെ മൃതദേഹം അഴുക്കുചാലിലൊഴുക്കി. ഹൈദരബാദിന് സമീപമായിരുന്നു ഏവരെയും ഞെട്ടിക്കുന്ന സംഭവം നടന്നത്. മയിലാര്‍ദേവ് പള്ളി സ്വദേശിയായ പെന്റയ്യയാണ് കടുത്ത ദാരിദ്ര്യംമൂലം മകള്‍ ഭവാനിയുടെ മൃതദേഹം അഴുക്ക് ചാലിലൊഴുക്കിയത്. പഴക്കംചെന്നു ദ്രവിച്ചുതുടങ്ങിയ ശരീരഭാഗങ്ങള്‍ അഴുക്കുചാലില്‍ ഒഴുകിനടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

രണ്ടു വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്ത മകന്‍ സീതാറാമിന്റ സംസ്‌ക്കാരച്ചടങ്ങുകള്‍ക്കായി 50,000 രൂപ പലരില്‍ നിന്നായി പെന്റയ്യ വായ്പ വാങ്ങിയിരുന്നു. ഇതിന്റെ പിന്നാലെ മകളുടെ വയസ്സറിയിക്കല്‍ ചടങ്ങിനായും 50,000 രൂപയോളം കടം വാങ്ങി. വായ്പകള്‍ തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതെ വന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു പെന്റയ്യ. ഇതിനിടയിലാണ്് പെന്റയ്യയുടെ മകള്‍ ഭവാനിയും ജീവനൊടുക്കിയത്. അയല്‍ വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഭവാനി അപമാനഭാരത്താല്‍ ജീവനൊടുക്കുകയായിരുന്നു. ജോലി സ്ഥലത്തു നിന്ന് തിരിച്ചെത്തിയ പെന്റയ്യ വിവരം ആരോടും പറയാതെ അര്‍ധരാത്രിയോടെ മൃതദേഹം അടച്ചുറപ്പുള്ള അഴുക്കുചാലില്‍ ഒഴുക്കുകയായിരുന്നു.

മേയ് 31 നാണ് ഭവാനിയുടെ മൃതദേഹ ഭാഗങ്ങള്‍ ഒഴുകി നടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. സംഭവം അവര്‍ പോലീസിനെ അറിയിക്കുകയും പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. അന്വേഷണത്തില്‍ പെന്റയ്യയുടെ മകളെ കാണാനില്ലെന്നു വ്യക്തമാകുകയും തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ സംഭവം വെളിച്ചെത്തുവരികയായിരുന്നു. മകള്‍ ആത്മഹത്യ ചെയ്ത സംഭവം അറിയിക്കാതിരുന്നതിന് പെന്റയ്യയ്‌ക്കെതിരെ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.