ലേഡി സൂപ്പര്‍ സ്റ്റാര്‍ തിരക്കിലാണ്; മഞ്ചുവിന് കൈനിറയെ ചിത്രങ്ങള്‍

single-img
3 June 2017

മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവിന് 2017ല്‍ കൈനിറയെ സിനിമകളാണ്. മഞ്ജു വാര്യര്‍ സഹകരിക്കുന്ന ഏഴു ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇതില്‍ നായികാപ്രാധാന്യമുള്ള ചിത്രങ്ങളും ഉള്‍പ്പെടുന്നു. മാധവിക്കുട്ടിയുടെ ജീവിതംപറയുന്ന കമല്‍ ചിത്രം ആമിയില്‍ ടൈറ്റില്‍ റോളിലാണ് മഞ്ജു വാര്യര്‍ എത്തുന്നത്. പാലക്കാട്ട് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ചിത്രം കേരളത്തിനു പുറത്ത് ചിത്രീകരണത്തിന് ഒരുങ്ങുകയാണ്. നവാഗതനായ ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ‘ഉദാഹരണം സുജാത’ മഞ്ജു വാര്യര്‍ അഭിനയിക്കുന്ന നായികാപ്രാധാന്യമുള്ള മറ്റൊരു സിനിമയാണ്. മാര്‍ട്ടിന്‍ പ്രക്കാട്ട്, ജോജു ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ മംമ്താ മോഹന്‍ദാസും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

തിരുവനന്തപുരം നഗരത്തിലെ ഒരു കോളനിയില്‍ പലപല വീട്ടുജോലികള്‍ ചെയ്ത് ജീവിക്കുന്ന സാധാരണക്കാരിയായ സുജാത എന്ന സ്ത്രീയുടെ രസകരങ്ങളായ ജീവിതമുഹൂര്‍ത്തങ്ങളാണ് സിനിമ പറയുന്നത്.

മഞ്ജു വാര്യര്‍ മോഹന്‍ലാല്‍ ഫാനാകുന്ന ‘മോഹന്‍ലാല്‍’ എന്ന ചിത്രം എറണാകുളത്ത് പുരോഗമിക്കുകയാണ്. ചിത്രത്തില്‍ മീനുക്കുട്ടിയെന്ന ലാല്‍ ആരാധികയുടെ വേഷമാണ് മഞ്ജുവിന്റെത്. 1980കളില്‍ ക്രിസ്മസ് റിലീസായി എത്തിയ മഞ്ഞില്‍വിരിഞ്ഞപൂക്കള്‍ തിയേറ്ററുകളില്‍ എത്തിയ ദിവസം ജനിക്കുന്ന കുട്ടിയിലൂടെയാണ് മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. സാജിദ് യഹിയയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഛായാഗ്രാഹകന്‍ വേണു എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗബ്രിയേലും മാലാഖമാരുമാണ് മഞ്ചു അഭിനയിക്കുന്ന മറ്റൊരു ചിത്രം. പൃഥ്വിരാജിന്റെ പേരാണ് ഇതില്‍ നായകസ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നത്.

മോഹന്‍ലാലിനൊപ്പം മൂന്നു സിനിമകളിലാണ് മഞ്ജു വാര്യര്‍ എത്തുന്നത്. ബി. ഉണ്ണികൃഷ്ണന്റെ വില്ലനില്‍ ലാലിന്റെ നായികയാണ്. മുഴുനീള കഥാപാത്രമല്ലെങ്കിലും ചിത്രത്തില്‍ പ്രാധാന്യമുള്ള വേഷമാണ് അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ അടുത്ത പ്രോജക്ടുകളായ ഒടിയന്‍, മഹാഭാരതം എന്നീ ചിത്രങ്ങളിലും മഞ്ജു വാര്യര്‍ അഭിനയിക്കും. എ.വി. ശ്രീകുമാര്‍ മേനോനാണ് ഇരുചിത്രങ്ങളും സംവിധാനംചെയ്യുന്നത്. ഇതില്‍ ഒടിയന്‍ മാജിക് റിയലിസത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുമ്പോള്‍ എം.ടി. വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായാണ് മഹാഭാരതം എത്തുന്നത്.