ഇനി ഇലക്ട്രിക് വാഹനങ്ങളുടെ കാലം; 2030 ഓടെ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്പന അവസാനിപ്പിക്കുമെന്ന് കേന്ദ്രം

single-img
3 June 2017

ന്യൂഡല്‍ഹി: 2030 ഓടെ ഇന്ത്യയില്‍ പെട്രോള്‍ ഡീസല്‍ കാറുകളുടെ വില്‍പ്പന അവസാനിപ്പിക്കാന്‍ ആലോചിക്കുന്നതായി കേന്ദ്ര ഊര്‍ജമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളില്‍ മാത്രം വില്പന കേന്ദ്രീകരിക്കാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ എണ്ണ ഇറക്കുമതി ബില്‍ കുറയ്ക്കാനും വാഹനങ്ങളുടെ ഗതാഗത ചിലവു കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം.

വ്യവസായ മന്ത്രാലയവും നിതി ആയോഗും ഇലക്ട്രിക് വാഹനങ്ങളുടെ പ്രമോഷനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലാണെന്നും പിയൂഷ് ഗോയല്‍ പറയുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ചിലവു കുറവാണെന്നു കാണുമ്പോള്‍ അളുകള്‍ അതു വാങ്ങാനിഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.’ഇലക്ട്രിക് വാഹനങ്ങള്‍ വലിയതോതില്‍ പരിചയപ്പെടുത്താന്‍ പോകുകയാണ് ഞങ്ങള്‍. 2030ഓടെ രാജ്യത്ത് ഒരൊറ്റ പെട്രോള്‍, ഡീസല്‍ കാറുകള്‍ പോലും വിറ്റുപോകാതിരിക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്.’ അദ്ദേഹം പറഞ്ഞു.

മൂന്നുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ വലിയ തോതില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാനുള്ള പദ്ധതിയുണ്ടെന്നും ഇതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉടന്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.