മദ്യശാലകള്‍ തുടങ്ങുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണ്ട: ഓര്‍ഡിനന്‍സില്‍ പ്രതിഷേധിച്ച് നിയമസഭയ്ക്കു മുന്നില്‍ വ്യാഴാഴ്ച നിരാഹാരം

single-img
3 June 2017

തിരുവനന്തപുരം: മദ്യശാലകള്‍ക്ക് അനുമതി നല്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഉണ്ടായിരുന്ന അധികാരം എടുത്തുകളഞ്ഞ ഓര്‍ഡിനന്‍സില്‍ പ്രതിഷേധിച്ച് ജൂണ്‍ 8 വ്യാഴാഴ്ച നിയമസഭയ്ക്കു മുന്നില്‍ നിരാഹാര സമരം നടത്തുമെന്നു മദ്യവിരുദ്ധ ജനകീയ മുന്നണി രക്ഷാധികാരി സുഗതകുമാരി അറിയിച്ചു. ഇതിനു മുന്നോടിയായി ഭരണപക്ഷ, പ്രതിപക്ഷ നേതാക്കളെ കണ്ട് ഓര്‍ഡിനന്‍സിന്റെ ഭവിഷ്യത്തുകള്‍ വ്യക്തമാക്കുമെന്നും അവര്‍ പറഞ്ഞു.

മദ്യ ശാലകള്‍ ആരംഭിക്കാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ എന്‍ഒസി വേണമെന്ന നിബന്ധന ഒഴിവാക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം ഇന്നെലെയാണ് ഒപ്പുവച്ചത്. ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വന്നതോടെ സംസ്ഥാനത്ത് ഇനി മദ്യവില്‍പ്പന ശാലകള്‍ തുറക്കാന്‍ എക്‌സൈസ് വകുപ്പിന്റെ അനുമതി മാത്രം മതിയാകും.

ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് കഴിഞ്ഞ മന്ത്രിസഭാ യോഗം അംഗീകരിച്ച് ഗവര്‍ണറുടെ അനുമതിക്കായി അയച്ചിരുന്നു. നഗരപാലികാ ബില്ലിലെ 447ാം വകുപ്പും പഞ്ചായത്തി രാജ് ആക്ടിന്റെ 232ാം വകുപ്പും ഭേദഗതി ചെയ്തു കൊണ്ടാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരിക്കുന്നത്. മദ്യവില്‍പ്പന ശാലകള്‍ തുറക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിരാക്ഷേപപത്രം വേണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തായിരുന്നു. ഇത് ഒഴിവായതോടെ ജനങ്ങളുടെ എതിര്‍പ്പു മൂലം പൂട്ടിയതും പുതുതായി തുറക്കാന്‍ തീരുമാനിച്ച് കഴിയാതെപോയതുമായ അറുപതോളം ബിവറേജസ് വില്‍പ്പനശാലകള്‍ തുറക്കാമെന്ന സ്ഥിതിയായി. ഇത് മദ്യവിരുദ്ധ പ്രവര്‍ത്തകരുടെ വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

മതമേലധ്യക്ഷന്മാരും മദ്യവിരുദ്ധ പ്രവര്‍ത്തകരുമുള്‍പ്പെടുന്ന പ്രതിനിധി സംഘം ഇന്നലെ ഉച്ചയ്ക്ക് ഗവര്‍ണറെ കണ്ടു സ്ഥിതി ബോധ്യപ്പെടുത്താന്‍ സമയം ചോദിച്ചിരുന്നു. എന്നാല്‍, ഇതിനു മുമ്പുതന്നെ ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കുകയായിരുന്നു. ഇതോടെ പ്രത്യേക നിയമസഭാ സമ്മേളനം നടക്കുന്ന ഈ മാസം എട്ടിനു നിയമസഭയ്ക്കു മുമ്പില്‍ നിരാഹാരസമരം നടത്തുമെന്നു മതമേലധ്യക്ഷന്മാരും മദ്യവിരുദ്ധ പ്രവര്‍ത്തകരും പ്രഖ്യാപിച്ചിട്ടുണ്ട്.