യെച്ചൂരിയുടെ രാജ്യസഭാ പ്രവേശനം: നിലപാട് കടുപ്പിച്ച് സിപിഎം ബംഗാള്‍ ഘടകം

single-img
2 June 2017

കൊല്‍ക്കത്ത: പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രാജ്യസഭാ പ്രവേശനത്തില്‍ സി.പി.എം ബംഗാള്‍ ഘടകം നിലപാട് കടുപ്പിച്ചു. യെച്ചൂരിയെ രാജ്യസഭയില്‍ മത്സരിപ്പിക്കണമെന്ന് സി.പി.എം ബംഗാള്‍ ഘടകം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ബംഗാള്‍ സംസ്ഥാന സമിതി പ്രമേയം അവതരിപ്പിച്ചു. കേന്ദ്രകമ്മിറ്റിക്ക് പ്രമേയം അയച്ചു. രാജ്യസഭയിലെ യെച്ചൂരിയുടെ കാലാവധി ജൂലായില്‍ അവസാനിക്കാനിരിക്കെയാണ് അദ്ദേഹത്തെ മൂന്നാം തവണയും മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ബംഗാള്‍ ഘടകം പ്രമേയം പാസാക്കിയിരിക്കുന്നത്. രണ്ട് തവണയെന്ന സിപിഎം കീഴ്‌വഴക്കവും ജനറല്‍ സെക്രട്ടറി മല്‍സരിക്കുന്ന രീതി ഒഴിവാക്കുക എന്ന നയവും ഇക്കുറി തിരുത്തണമെന്നാണ് ബംഗാള്‍ ഘടകത്തിന്റെ ആവശ്യം. പ്രമേയം കിട്ടിയാല്‍ പരിഗണിക്കുമെന്ന് കേന്ദ്രഘടകം അറിയിച്ചു.

സിപിഎം കീഴ്‌വഴക്കം അനുസരിച്ച് രണ്ട് തവണയിലധികം ഒരു പാര്‍ട്ടി മെംബറെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാറില്ല, ഇത് ലംഘിക്കാന്‍ തയ്യാറല്ലെന്ന് നേരത്തെ യെച്ചൂരി വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലക്ക് പാര്‍ട്ടി നയം സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും യെച്ചൂരി പറഞ്ഞിരുന്നു.

കൂടാതെ സി.പി.എം ജനറല്‍ സെക്രട്ടറിമാര്‍ മത്സരിക്കില്ലെന്ന പാര്‍ട്ടി മാനദണ്ഡം നിലനില്‍ക്കെ രാജ്യസഭയിലേക്ക് മത്സരിക്കാന്‍ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വരും. അതിനാല്‍ തന്നെ പോളിറ്റ് ബ്യൂറോ ഇക്കാര്യത്തില്‍ നേരിട്ട് തീരുമാനമെടുക്കാന്‍ സാധ്യതയില്ല. പ്രത്യേക കേന്ദ്ര കമ്മിറ്റി യോഗം ചേര്‍ന്നതിന് ശേഷമേ ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനമെടുക്കാന്‍ സാധ്യതയുള്ളു.

സീതാറാം യെച്ചൂരി പശ്ചിമ ബംഗാളില്‍ നിന്നും രാജ്യസഭയിലേക്ക് വീണ്ടും മല്‍സരിച്ചാല്‍ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. ഏപ്രില്‍ അഞ്ചിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി യെച്ചൂരി നടത്തിയ കൂടിക്കാഴ്ചയില്‍ രാഹുല്‍ കോണ്‍ഗ്രസിന്റെ ഓഫര്‍ മുന്നോട്ട് വെച്ചിരുന്നു. യെച്ചൂരിയല്ലാതെ മറ്റാരെയെങ്കിലുമാണ് സിപിഎം രാജ്യസഭയിലേക്ക് അയക്കാന്‍ നോക്കുന്നതെങ്കില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാവും കോണ്‍ഗ്രസ് ശ്രമിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.