പാരിസ് ഉടമ്പടിയില്‍നിന്ന് അമേരിക്ക പിന്മാറി; ഇന്ത്യ കരാറില്‍ ഒപ്പിട്ടത് വിദേശ സഹായത്തിനെന്ന് ട്രംപ്

single-img
2 June 2017

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരീസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍മാറി. അമേരിക്കയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ് കരാറെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്‍മാറ്റം. യുഎസ് സാമ്പത്തിക വളര്‍ച്ചയെ തകര്‍ക്കുന്നതാണ് കരാറിലെ വ്യവസ്ഥകളെന്നും ട്രംപ് ആരോപിച്ചു. ആഗോള താപനം ഉള്‍പ്പെടെയുള്ള കാലാവസ്ഥ പ്രശ്‌നങ്ങളെ നേരിടാന്‍ 195 ലോകരാഷ്ട്രങ്ങള്‍ ഒപ്പിട്ട പാരിസ് ഉടമ്പടിയില്‍ നിന്നാണ് അമേരിക്കയുടെ പിന്‍മാറ്റം.

രാജ്യത്തിന്റെയും ജനങ്ങളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കാനായാണ് കരാറില്‍ നിന്ന് പിന്‍മാറുന്നതെന്ന് ട്രംപ് പറഞ്ഞു. അമേരിക്കക്ക് ദോഷകരമാകുന്നതും മറ്റ് രാജ്യങ്ങള്‍ക്ക് ഗുണകരവുമാണ് കരാര്‍ എന്നാണ് ട്രംപിന്റെ ആരോപണം. ലോകത്തിലെ ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് കരാറെന്ന് ട്രംപ് ആരോപിച്ചു. കോടിക്കണക്കിനു ഡോളര്‍ വിദേശസഹായം കൈപ്പറ്റുന്നതിനു വേണ്ടിയാണ് ഇന്ത്യ പാരിസ് ഉടമ്പടിയില്‍ ഒപ്പിട്ടത്. ചൈനക്കും ഇന്ത്യയ്ക്കും അവരുടെ കല്‍ക്കരിപ്പാടങ്ങള്‍ വികസിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ യുഎസിന്റെ കാര്യത്തില്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉയര്‍ത്തി എതിര്‍ക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.

പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്നുള്ള അമേരിക്കയുടെ പിന്‍മാറ്റത്തെ ഏറെ ആശങ്കയോടെയാണ് ലോകരാഷ്ട്രങ്ങള്‍ വിലയിരുത്തുന്നത്. തീരുമാനം നിരാശാജനകമാണെന്നായിരുന്നു ഐക്യരാഷ്ട്ര സഭ വക്താവിന്റെ പ്രതികരണം. ഭാവിയിലെ അപകടം മനസ്സിലാക്കാതെയുള്ള തീരുമാനമാണ് ട്രംപിന്റേതെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയും കുറ്റപ്പെടുത്തി.

അതേസമയം ഗ്രീന്‍ ക്ലൈമറ്റ് ഫണ്ടിലേക്ക് അനുവദിച്ചിരുന്ന തുകയും അമേരിക്ക പിന്‍വലിച്ചു. ഉടമ്പടിയിലെ വ്യവസ്ഥകളിന്‍മേല്‍ കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും ട്രംപ് അറിയിച്ചു. നാല് വര്‍ഷത്തിലധികം നീണ്ട് നില്‍ക്കുന്ന നടപടിക്രമങ്ങളിലൂടെ മാത്രമേ ഒരു രാജ്യത്തിന് ഉടമ്പടിയില്‍ നിന്ന് ഔദ്യോഗികമായി പിന്‍മാറാന്‍ സാധിക്കൂ എന്ന കരാര്‍ വ്യവസ്ഥ അമേരിക്കക്ക് വെല്ലുവിളിയാണ്.