ബീഫ് വിഷയത്തിൽ കേരളത്തെ ഇടിമുഴങ്ങുന്ന പാക്കിസ്ഥാനെന്നു വിശേഷിപ്പിച്ച് ടൈംസ് നൌ ചാനൽ

single-img
2 June 2017

ബിജെപി പ്രസിഡന്റ് അമിത് ഷായുടെ കേരളസന്ദർശനം റിപ്പോർട്ട് ചെയ്യുന്നതിനിടെ കേരളത്തെ ‘ഇടിമുഴങ്ങുന്ന പാക്കിസ്ഥാനെന്നു’ വിശേഷിപ്പിച്ച് ടൈംസ് നൌ ചാനൽ. കന്നുകാലി കശാപ്പ് നിരോധനത്തിനെതിരായ രൂക്ഷമായ പ്രതിഷേധങ്ങൾ നടക്കുന്നതിനിടയിലാണു  അമിത് ഷായുടെ കേരളസന്ദർശനം എന്നതിനു മുൻതൂക്കം നൽകിക്കൊണ്ടുള്ള ന്യൂസ് ബുള്ളറ്റിനിടയിലാണു അമിത് ഷാ പോകുന്നത് ‘ഇടിമുഴങ്ങുന്ന പാക്കിസ്ഥാനിലേയ്ക്ക്’ (Heads to thundery Pakistan) എന്ന ടാഗ് ലൈൻ ചാനലിൽ പ്രദർശിപ്പിച്ചത്. രാവിലെ ഒൻപത് മണിയുടെ ബുള്ളറ്റിനായിരുന്നു ഇത്.

ആനന്ദ് നരസിംഹൻ എന്ന വാർത്താ അവതാരകന്റെ പരിപാടിയിലാണു കേരളത്തെ അപമാനിച്ച് ടാഗ് ലൈൻ പ്രത്യക്ഷപ്പെട്ടത്. കശാപ്പ് നിയന്ത്രണത്തെ ബീഫ് നിരോധനം എന്നു തെറ്റിദ്ധരിപ്പിച്ചുകൊണ്ട് കേരളത്തിലെ എൽ ഡി എഫ് സർക്കാരും പ്രതിപക്ഷമായ യു ഡി എഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇതിനു ഹൈക്കോടതിയിൽ നിന്നു തിരിച്ചടി ലഭിച്ചുവെന്നും അവതാരകൻ പറയുന്നുണ്ട്. ലൈവ് ആയി സംസാരിക്കുന്ന തിരുവനന്തപുരം റിപ്പോർട്ടർ വിവേക് ഇത് ശരിവെയ്ക്കുകയും ചെയ്യുന്നു. കന്നുകാലി സംരക്ഷണം എല്ലാ സംസ്ഥാന സർക്കാരുകളുടേയും ചുമതലയാണെന്നു ഓർമ്മിപ്പിക്കുക കൂടി ചെയ്യുന്നുണ്ട് അവതാരകൻ.

പൊതുവേ ബിജെപി നയങ്ങൾക്കനുകൂലമായ നിലപാടുകൾ സ്വീകരിക്കുന്ന വലതുപക്ഷമാധ്യമമാണു ടൈംസ് നൌ. അർണബ് ഗോസ്വാമി പുറത്തുപോയതിനു ശേഷവും ഇതേ നിലപാട് തുടരുന്ന ചാനൽ തെക്കേ ഇന്ത്യാക്കാരേയും പ്രത്യേകിച്ച് കേരളീയരേയും ബീഫ് കഴിക്കുന്നതിന്റെ പേരിൽ കുറ്റപ്പെടുത്തിക്കൊണ്ടുള്ള സമീപനമാണു സ്വീകരിക്കുന്നത്.

 

https://twitter.com/TimesNow/status/870490383435825158

വടക്കേ ഇന്ത്യൻ ഭക്ഷണസംസ്കാരം അടിച്ചേൽപ്പിക്കുന്നതിനെതിരേ പ്രതിഷേധിച്ചതിന്റെ പേരിൽ ഇന്ത്യൻ യൂണിയന്റെ ഭാഗമായ ഒരു രാജ്യത്തെ ശത്രുരാജ്യത്തിന്റെ പേരുവിളിച്ചു അഭിസംബോധന ചെയ്യുകയും അവരെ കീഴടക്കാൻ വരുന്ന വീരനായകനായി ബി ജെ പി പ്രസിഡന്റ് അമിത് ഷായെ ചിത്രീകരിക്കുകയും ചെയ്യുന്നതുവഴി വളരെ നിന്ദ്യമായ നിലപാടാണു ചാനൽ സ്വീകരിച്ചിരിക്കുന്നത്.

പിന്നീട് ഉച്ചയ്ക്കു ശേഷമുള്ള ബുള്ളറ്റിനുകളിൽ ടാഗ് ലൈൻ തിരുത്തി “ഇടിമുഴങ്ങുന്ന കേരളത്തിലേയ്ക്ക്” എന്നു മാറ്റിയിട്ടുണ്ട്.