ഹൃദ്രോഗം ബാധിച്ച രണ്ടു വയസുകാരനായ പാക് ബാലന് ചികിത്സാ സഹായം ഉറപ്പുവരുത്തി സുഷമ; ട്വിറ്ററില്‍ അഭിനന്ദന പ്രവാഹം

single-img
2 June 2017

കുല്‍ഭൂഷണ്‍ യാദവ് പ്രശ്‌നവും അതിര്‍ത്തി സംഘര്‍ഷങ്ങളും ഇന്ത്യ പാകിസ്താന്‍ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുമ്പോഴും പാക് ബാലന് സഹായമൊരുക്കി ഇന്ത്യ ലോകത്തിന് തന്നെ മാതൃകയായിരിക്കുകയാണ്. ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമസ്വരാജിനും. തന്റെ രണ്ടര വയസുകാരന്‍ മകന് ഇന്ത്യയില്‍ ചികിത്സക്ക്‌ അനുമതി തേടിയ പാക്ക് യുവാവിനും കുടുംബത്തിനും മെഡിക്കല്‍ വീസ അനുവദിച്ചുകൊണ്ടാണ് സുഷമ സ്വരാജ് മാതൃകയായത്.

 

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ജീവന്‍ തന്നെ അപകടത്തിലായ സാഹചര്യത്തില്‍ കുഞ്ഞിന്റെ പിതാവ് കെന്‍ സയീദ് വിദേശകാര്യമന്ത്രിയെ സമീപിക്കുകയായിരുന്നു. സാധാരണക്കാര്‍ക്ക് നയതന്ത്ര സഹായം എത്തിക്കുന്നതിന് വേണ്ടി സുഷമ സൃഷ്ടിച്ച ടിറ്ററിലൂടെയാണ് സയീദ് സഹായ അഭ്യര്‍ഥന നടത്തിയത്. പാകിസ്ഥാനില്‍ വിദഗ്ധ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇത്.

ഇവന്‍ എന്റെ മകനാണ്. അവന്റെ രോഗത്തെക്കുറിച്ചോ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയില്‍ സംഭവിക്കുന്നതിനെക്കുറിച്ചോ ഇവനറിയില്ല’. ഇതായിരുന്നു സയീദ് ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍. സയീദിന്റെ പോസ്റ്റിന് കീഴില്‍ അദ്ദേഹത്തിന്റെ കുഞ്ഞിന് സഹായം ഉറപ്പാക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഒട്ടേറെ ഇന്ത്യക്കാരെത്തിയതും പിന്നീട് കുഞ്ഞിന്റെ ആയുരാരോഗ്യത്തിനായി പ്രാര്‍ഥനയും ആശംസകളും നേര്‍ന്ന് കമന്റുകള്‍ കുമിഞ്ഞുകൂടിയതും വിദേശകാര്യ മന്ത്രിയുടെ ശ്രദ്ദയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് സുഷമ തന്നെ ട്വിറ്ററിലൂടെ ഇതിന് മറുപടി നല്‍കി.

 

ഇല്ല. ഈ കുഞ്ഞ് സഹിക്കേണ്ടി വരില്ല. പാകിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തെ ബന്ധപ്പെടുക. ഞങ്ങള്‍ മെഡിക്കല്‍ വീസ ലഭ്യമാക്കാം. തുടര്‍ന്ന് 3 മാസത്തെ വീസയ്ക്കായി ഇന്ത്യന്‍ എംബസിയെ സമീപിച്ച സയീദിനും കുടുംബത്തിനും വിദേശകാര്യ മന്ത്രാലയം നാലുമാസമായി നീട്ടി നല്‍കുകയായിരുന്നു. തുടര്‍ന്ന് സുഷമ സ്വരാജിന്റെ നല്ല മനസ്സിന് നന്ദിയറിച്ച് സയീദിന്റെ ട്വീറ്റും പിന്നാലെയെത്തി.