ചാരക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി സിബി മാത്യൂസ്; “രാഷ്ട്രീയ ഗൂഢാലോചന നടന്നിരുന്നു”

single-img
2 June 2017

കൊച്ചി: കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സിബി മാത്യൂസിന്റെ ആത്മകഥ. ‘നിര്‍ഭയം ഒരു ഐപിഎസ് ഓഫീസറുടെ ഓര്‍മ്മക്കുറിപ്പ്’ എന്ന് പേരിട്ടിരിക്കുന്ന ആത്മകഥ ഈയാഴ്ച പുറത്തിറങ്ങാനിരിക്കേയാണ് അതിലെ വിവാദ ഭാഗങ്ങള്‍ പുറത്തുവരുന്നത്. ചാരക്കേസിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിരുന്നുവെന്ന സൂചനയാണ് പുസ്തകത്തിലൂടെ സിബി മാത്യൂസ് പുറത്തുവിടുന്നത്. കേസില്‍ ഇന്റലിജന്‍സ് ബ്യുറോയ്ക്ക് നിക്ഷിപ്ത താല്‍പര്യമുണ്ടായിരുന്നുവെന്നും അന്നത്തെ മുഖ്യമന്ത്രി കെ.കരണാകരന്റെ വിശ്വസ്തനായിരുന്ന രമണ്‍ ശ്രീവാസ്തവയെ അറസ്റ്റുചെയ്യണമെന്ന് ഇന്റലിജന്‍സ് ബ്യുറോ നിര്‍ബന്ധം പിടിച്ചുവെന്നും പുസ്തകത്തില്‍ പറയുന്നു.

ചാരക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മറിയം റഷീദ അടക്കമുള്ളവരുമായി മദ്രാസിലെ ഹോട്ടലില്‍വെച്ച് നടന്നുവെന്ന് പറയുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തുവെന്ന് വിവരം ലഭിച്ച ബ്രിഗേഡിയര്‍ ശ്രീവാസ്തവ എന്നയാള്‍ രമണ്‍ ശ്രീവാസ്തവ എന്നാണ് ഐബി വിശ്വസിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യാന്‍ ഐബി ആവശ്യപ്പെട്ടത്. ശ്രീവാസ്തവയ്‌ക്കെതിരെ തെളിവില്ലെന്നും അറസ്റ്റു ചെയ്യാന്‍ കഴിയില്ലെന്നും താന്‍ വ്യക്തമാക്കി. എന്നാല്‍ ചാരക്കേസില്‍ തെളിവ് ആവശ്യമില്ലെന്നായിരുന്നു ഐ.ബിയുടെ നിലപാട്. ഉത്തരേന്ത്യക്കാരായ ചില ഓഫീസര്‍മാരും മലയാളികളായ മാത്യു ജോണ്‍, ആര്‍.ബി ശ്രീകുമാറും അറസ്റ്റിനായി കടുംപിടുത്തം നടത്തിയിരുന്നു. തന്റെ കടുംപിടുത്തം കൊണ്ടുമാത്രമാണ് ശ്രീവാസ്തവയുടെ അറസ്റ്റ് ഒഴിവായത്. ഐ.ബിയുടെ നിര്‍ബന്ധബുദ്ധിയ്ക്ക് പിന്നിലുള്ള കാരണം വ്യക്തമല്ലെന്നും സിബി മാത്യൂസ് പറയുന്നു.

ചാരക്കേസ് കൊണ്ട് ഏറ്റവും നഷ്ടമുണ്ടായത് കെ.കരുണാകരനാണ്. കേസിനു പിന്നാലെ അദ്ദേഹവും മക്കളും അടക്കമുള്ളവര്‍ അധികാരത്തില്‍ നിന്ന് നിഷ്‌കാസിതരായി. എ ഗ്രൂപ്പിന് നേരിട്ട് പങ്കാളിത്തമുണ്ടായിരുന്നു. കരുണാകരനെ പുറത്താക്കി ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയാക്കാന്‍ ബിഷപ്പുമാരും മറ്റു ചില നേതാക്കളും ഗൂഢാലോചന നടത്തിയതായി അന്ന് ചിലര്‍ സംശയം ഉന്നയിച്ചിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു.

അതേസമയം ഐ.എസ്.ആര്‍.ഒയില്‍ ചാരവൃത്തി നടന്നോ ഇല്ലയോ എന്ന കാര്യം അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ് എന്നതിനാലാണ് തീര്‍പ്പു കല്‍പ്പിക്കുന്നൊരു നിലപാട് സിബി മാത്യൂസില്‍നിന്ന് ഉണ്ടാകാത്തത്. അദ്ദേഹത്തിന്റെ സര്‍വീസ് കാലഘട്ടത്തില്‍ നേതൃത്വം കൊടുത്ത മറ്റ് പ്രധാന കേസുകളെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.