‘എസന്‍ഷ്യല്‍ ഫോണുമായി’ ആന്‍ഡ്രോയിഡിന്റെ പിതാവ് മടങ്ങി വരുന്നു; വില 45000

single-img
2 June 2017

ആന്‍ഡ്രോയ്ഡിന്റെ പിതാവായി അറിയപ്പെടുന്ന ആന്റി റൂബന്റെ വിടവാങ്ങല്‍ ഏറെക്കാലമായി ടെക് ലോകത്ത് ചര്‍ച്ചയായിരുന്നെങ്കില്‍ ഇന്നിതാ അതിനുള്ള മറുപടിയുമായി അദ്ദേഹം തിരിച്ചെത്തിയിരിക്കുകയാണ്. ഗൂഗിള്‍ വിട്ട ശേഷം സ്വന്തമായി റൂബിന്‍ എസന്‍ഷ്യല്‍ പ്രോഡക്ട്‌സ് എന്ന കമ്പനി ആരംഭിച്ചെങ്കിലും കമ്പനിയുടേതായി ഉല്‍പ്പന്നങ്ങളൊന്നും ഇതുവരെയും പുറത്തു വന്നിരുന്നില്ല. ഒടുവില്‍ ആകാംഷകളെ ദൂരത്തേക്ക് വലിച്ചെറിഞ്ഞ് അത്യൂഗ്രന്‍ ഫോണുമായി റൂബിന്‍ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്.

എസന്‍ഷ്യല്‍ ഫോണ്‍ എന്നാണ് റൂബിന്‍ പുതുതായി അവതരിപ്പിക്കുന്ന ഫോണിന്റെ പേര്. എഡ്ജ്ടുഎഡ്ജ് ഡിസ്‌പ്ലേയും 360 ഡിഗ്രി ക്യാമറയും ഉള്‍പ്പെടെയുള്ള സവിശേഷതകള്‍ ഫോണില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്. നിലവില്‍ യുഎസില്‍ മാത്രം പ്രീ ഓര്‍ഡര്‍ ആരംഭിച്ചിരിക്കുന്ന ഫോണിന്റെ വില 699 ഡോളറാണ് (ഏകദേശം 45,200 രൂപ). 360 ഡിഗ്രി ക്യാമറ ഉള്‍പ്പെടെയാണെങ്കില്‍ 749 ഡോളറാകും (ഏകദേശം 48,400 രൂപ). 64ബിറ്റ് സ്‌നാപ്‌ഡ്രോ 835 ഒക്ടാകോര്‍ (2.45 ഗിഗാഹെര്‍ട്‌സ് ക്വാഡ് +1.9 ഗിഗാഹെര്‍ട്‌സ് ക്വാഡ്) ആണ് പ്രൊസസര്‍. 4 ജിബി റാമുമായി എത്തുന്ന ഫോണില്‍ 128 ജിബി ഇന്റേണല്‍ സ്‌റ്റോറേജും നല്‍കിയിരിക്കുന്നു.

പിന്നില്‍ 13 മെഗാപിക്‌സല്‍ ഡ്യുവല്‍ ക്യാമറയും എട്ട് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഉള്‍പ്പെടുന്നതാണ് എസന്‍ഷ്യല്‍ ഫോണിന്റെ ക്യാമറ ഡിപ്പാര്‍ട്ട്‌മെന്റ് 3040 എംഎച്ച് ആണ് ബാറ്ററി. ഓപ്പറേറ്റിങ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 7.1.1 ന്യുഗട്ട്.