സൗദിയില്‍ കാര്‍ ബോംബ് സ്‌ഫോടനം; രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു

single-img
2 June 2017

സൗദിയിലെ ഖത്തീഫ് നഗരത്തിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. ഭീകരാക്രമണമാണെന്നാണ് സംശയം. സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും അവാമിയയിലേക്ക് നീക്കുന്നതിനിടെ കാര്‍ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് വിവരം. സ്‌ഫോടനത്തില്‍ മരിച്ചത് കൊടും കുറ്റവാളികളാണെന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ പോലീസ് അന്വേഷിക്കുന്ന സ്ഥിരം കുറ്റവാളികളാണെന്ന് സൗദിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാറിനുള്ളില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ പാടെ കത്തിക്കരിഞ്ഞ നിലയിലാണ്. സ്‌ഫോടനത്തോടൊപ്പം പ്രദേശത്ത് വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

മൂന്ന് പേര്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇവര്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ നടത്തുകയാണ്. ഷിയാ സുന്നി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ നടക്കാറുളള മേഖലയാണ് ഖത്തീഫ്. ഇസ്ലാമിക് സ്റ്റേറ്റും പ്രദേശത്ത് ആക്രമണം നടത്തിയിട്ടുണ്ട്. അതേസമയം സൗദിയില്‍ നടന്ന ആക്രമണത്തെ അമേരിക്കയും യു.എ.ഇയും അടക്കമുള്ള രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു. ഭീകരവാദത്തിന് എതിരായുള്ള സൗദിയുടെ പോരാട്ടങ്ങള്‍ക്ക് എല്ലാ പിന്തുണയും യു.എ.ഇ വാഗ്ദാനം ചെയ്തു.
.