പൃഥ്വി-2 വിജയകരമായി വിക്ഷേപിച്ചു; അണ്വായുധം വഹിക്കാന്‍ കഴിയുന്ന മിസൈലിന് 350 കിലോമീറ്റര്‍ പ്രഹരശേഷി

single-img
2 June 2017

ബാലസോര്‍: ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ബാലിസ്റ്റിക് മിസൈല്‍ പൃഥ്വി-2 വിജയകരമായി വീണ്ടും പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപുരിലാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്. രാവിലെ 9.50 ഓടെയായിരുന്നു പരീക്ഷണമെന്നും ഇതു വിജയകരമായിരുന്നുവെന്നും ഡി.ആര്‍.ഡി.ഒ അധികൃതര്‍ അറിയിച്ചു. ഉപരിതല വിക്ഷേപണം ലക്ഷ്യമിട്ടുള്ള ഈ മിസൈലിന് 350 കിലോമീറ്റര്‍ ദൂരെവരെ പ്രഹരശേഷിയുണ്ട്. പരീക്ഷണം സമ്പൂര്‍ണ വിജയകരമായിരുന്നെന്ന് സൈനിക വക്താവ് പറഞ്ഞു.
സൈന്യത്തിന്റെ ഭാഗമാക്കുന്നതിന് വേണ്ടിയുള്ള അവസാന പരീക്ഷണമാണ് ഇന്ന് നടന്നത്.

500 കിലോഗ്രാം മുതല്‍ 1000 കിലോഗ്രാം വരെ ഭാരമുള്ള പോര്‍മുനകള്‍ വഹിക്കാനാകുന്നാണ് പൃഥ്വി-2 മിസൈലുകള്‍. ദ്രവീകൃത ഇന്ധനം ഉപയോഗിക്കുന്ന ഇരട്ട എഞ്ചിനുകളാണുള്ളത്. ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തുന്നതിന് അത്യാധുനിക സാങ്കേതികവിദ്യയാണ് മിസൈലില്‍ ഉപയോഗിക്കുന്നത്. 2003ല്‍ സായുധസേനക്ക് കൈമാറിയ പൃഥി-2, ഡി.ആര്‍.ഡി.ഒയുടെ ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ വികസന പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ആദ്യത്തെ മിസൈലാണ്. 2016 നവംബറിലും പൃഥ്വി രണ്ട് മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരുന്നു.