രാത്രി വൈകിയുള്ള ഫോണ്‍ ഉപയോഗം കൗമാരക്കാരില്‍ മാനസിക വൈകല്യം ഉണ്ടാക്കുന്നതായി പഠനം

single-img
2 June 2017

കാന്‍ബറ: അര്‍ധരാത്രി കഴിഞ്ഞും സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്ന കൗമാരക്കാരുടെ മാനസികാരോഗ്യം ക്ഷയിച്ച് വൈകല്യമുണ്ടാക്കുന്നതായി പുതിയ പഠനം. ഗ്രിഫിത്ത്, മര്‍ഡോക് സര്‍വകലാശാലകളിലെ ഗവേഷകര്‍ നടത്തിയ പഠനമാണ് രാത്രി വൈകിയുള്ള ഫോണ്‍ ഉപയോഗത്തിനെതിരെ മുന്നറിയിപ്പു നല്‍കുന്നത്.

നാലു വര്‍ഷത്തിലധികമായി ആസ്‌ട്രേലിയയിലെ 29 സ്‌കൂളുകളിലെ 1,100 കൗമാരക്കാരുടെ രാത്രി മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ കുറിച്ചും ഇതിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചും ഗവേഷകര്‍ പഠനം നടത്തിവരുകയാണ്. രാത്രി വളരെ വൈകിയുള്ള സ്മാര്‍ട്‌ഫോണ്‍ ഉപയോഗം ഉറക്കത്തിന്റെ ശേഷിയെ നേരിട്ട് നശിപ്പിക്കുന്നതായി അവര്‍ കണ്ടെത്തി.

ഇത് മാനസികാരോഗ്യം കുറക്കുകയും അതുവഴി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവും ആത്മവിശ്വാസവും നഷ്ടപ്പെടുകയും ചെയ്യുന്നതായി ഗവേഷണസംഘത്തെ നയിക്കുന്ന ലിനറ്റ് വെനോണ്‍ വ്യക്തമാക്കി. വിദ്യാര്‍ഥികളോട് രാത്രി ഏതു സമയത്താണ് അവര്‍ മെസേജുകള്‍ അയക്കുകയും ഫോണ്‍ ചെയ്യുകയും ചെയ്യുന്നതെന്ന് രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടു. നല്ല ഉറക്കെത്തെ കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടിനെ കുറിച്ചും ചോദിച്ചു.

എട്ടു വയസ്സുള്ളപ്പോള്‍ 85 ശതമാനം വിദ്യാര്‍ഥികള്‍ക്കും സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നതായും ലൈറ്റുകള്‍ അണച്ചതിനുശേഷം ഇവരാരും മെസേജ് അയക്കുകയോ ഫോണ്‍ ചെയ്യുകയോ ചെയ്തിട്ടില്ലെന്നും കണ്ടെത്തി.

എന്നാല്‍, മൂന്നു വര്‍ഷത്തിനു ശേഷം 93 ശതമാനം വിദ്യാര്‍ഥികളുടെയും കൈവശം മൊബൈല്‍ ഫോണ്‍ ഉള്ളതായും ഇവരില്‍ 78 ശതമാനം പേരും രാത്രി വൈകി ഫോണ്‍ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ട് ചെയ്തു. കാലക്രമേണ മൊബൈല്‍ ഫോണ്‍ ഉപയോഗം വര്‍ധിച്ചുവരുന്നതിനാല്‍ ഇതിനോടൊപ്പം വിഷാദരോഗവും പെരുമാറ്റ വൈകല്യങ്ങളും വര്‍ധിച്ചുവരുന്നതായി പഠനത്തില്‍ പറഞ്ഞു. ചൈല്‍ഡ് ഡെവലപ്മന്റെ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.