ബീഫ് നിരോധനത്തെ എതിര്‍ത്ത് ബിജെപി മുഖ്യമന്ത്രി; വിജ്ഞാപനത്തില്‍ മാറ്റം വരുത്തണമെന്നും പേമ ഖണ്ഡു

single-img
2 June 2017

കശാപ്പിനായുള്ള കന്നുകാലികളുടെ കച്ചവടം നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പരസ്യ നിലപാടുമായി ബി.ജെ.പി മുഖ്യമന്ത്രി രംഗത്തെത്തി. കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവാണ് രംഗത്തെത്തിയത്. വ്യക്തിപരമായി താന്‍ ബീഫ് കഴിക്കുന്ന ആളാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം പേരും ബീഫ് കഴിക്കുന്നവരാണ്. അരുണാചലിലെ ബി.ജെ.പി നേതൃത്വം ബീഫ് നിരോധനത്തെ പിന്തുണക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷയെന്നും പേമ ഖണ്ഡു പറഞ്ഞു.

സര്‍ക്കാറിന്റ കശാപ്പ് നിരോധനത്തിനെതിരെ കേരളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും കടുത്ത എതിര്‍പ്പാണ് ഉയരുന്നത്.