ബാഹുബലിയില്‍ തകര്‍ത്തഭിനയിച്ചത് നാസറെന്ന് രാജമൗലി; ശ്രീദേവി ചിത്രത്തില്‍ സഹകരിക്കാതിരുന്നത് നന്നായി

single-img
2 June 2017

ഹൈദരാബാദ്: ഇന്ത്യന്‍ സിനിമയിലെ വിസ്മയമായ ബാഹുബലിയുടെ വിജയം തകര്‍ത്താഘോഷിക്കുമ്പോള്‍ ചിത്രത്തിനായി നേരിട്ട വെല്ലുവിളികളും അനുഭവങ്ങളും ഓര്‍ത്തെടുക്കുകയാണ് സംവിധായകന്‍ എസ് എസ് രാജമൗലി. ബിജലദേവ എന്ന കഥാപാത്രത്തെ അനശ്വരനാക്കിയ നാസറാണ് ബാഹുബലിയില്‍ തകര്‍ത്ത് അഭിനയിച്ചതെന്നും ശിവഗാമിയുടെ വേഷത്തില്‍ നിന്ന് ശ്രീദേവി പിന്‍മാറിയത് നന്നായെന്നും രാജമൗലി പറഞ്ഞു. ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ മനസ്സ് തുറക്കുകയായിരുന്നു മെഗാഹിറ്റ് സംവിധായകന്‍.

നാസറാണ് ചിത്രത്തില്‍ ഏറ്റവും പെര്‍ഫോം ചെയ്ത നടന്‍. ബിജലദേവ ചെറിയ കഥാപാത്രമായിരുന്നു. എന്നാല്‍ നാസറിന്റെ അഭിനയ വൈഭവം ബിജലദേവയെ നിറമുള്ള കഥാപാത്രമാക്കി വളര്‍ത്തി. കട്ടപ്പ ബാഹുബലിയെ പിന്നില്‍ നിന്ന് കുത്തിയതിന് ശേഷമുള്ള വൈകാരിക രംഗങ്ങള്‍ കുറേ ചിത്രീകരിച്ചെങ്കിലും സമയക്കുറവ് കാരണം ഒഴിവാക്കേണ്ടിവന്നുവെന്നും രാജമൗലി പറഞ്ഞു.

ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകര്‍ക്ക് പരിചിതമായ മുഖം എന്നത് പരിഗണിച്ചാണ് ഞാന്‍ ശ്രീദേവിയെ സമീപിച്ചത്. എന്നാല്‍ ശ്രീദേവിയുടെ പല ആവശ്യങ്ങളും അംഗീകരിക്കാന്‍ കഴിയാത്തതായിരുന്നു. 7 കോടി രൂപയാണ് ചിത്രത്തിന് പ്രതിഫലം ചോദിച്ചത്. ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ താമസം, യാത്രയ്ക്ക് ബിസിനസ് ക്ലാസ് ടിക്കറ്റ് എന്നിങ്ങനെയായിരുന്നു ആവശ്യങ്ങള്‍. ഇതൊന്നും പോരാതെ ഹിന്ദി പതിപ്പില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗവും ചോദിച്ചു. പിന്നീടാണ് രമ്യയെ പരിഗണിക്കുന്നത്. അതൊരു ഭാഗ്യമായി കരുതുന്നു. കാരണം ശിവഗാമിയെ ഗംഭീരമായി അവതരിപ്പിക്കാന്‍ രമ്യക്ക് കഴിഞ്ഞു. ഇതായിരിക്കാം ചിത്രത്തിന്റെ ഭാഗ്യമായി മാറിയതും.

ബാഹുബലിയെ വലിയ വിജയമാക്കി മാറ്റിയതിന് മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും രാജമൗലി പറഞ്ഞു. നിര്‍മാതാക്കളുടെ ബുദ്ധിയാണ് ഇതിനു കാരണമെന്ന് രാജമൗലി കൂട്ടിച്ചേര്‍ത്തു. എന്റെ ടീം എന്നാല്‍ എന്റെ കുടുംബം തന്നെയാണ്. അതുകൊണ്ട് തന്നെ സമ്മര്‍ദ്ദങ്ങള്‍ കുറവായിരുന്നു. എല്ലാ ചര്‍ച്ചകളിലും അവര്‍ സജീവമായി പങ്കെടുത്തു. ഉദാഹരണത്തിന് ശിവകാമി ബാഹുബലിയെ കൊല്ലാന്‍ ഉത്തരവിടുന്നതിന് ഒരു ശക്തമായ കാരണം വേണമായിരുന്നു. അതെല്ലാം ഒരുപാട് വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് തീരുമാനിച്ചത്.

തന്റെ അടുത്ത ചിത്രത്തിനും കഥയെഴുതുന്നത് പിതാവ് വിജയേന്ദ്ര പ്രസാദ് തന്നെയാണെന്നും രാജമൗലി വ്യക്തമാക്കി.