മോദിയോട് മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം; നിങ്ങള്‍ ട്വിറ്ററിലൊക്കെ ഉണ്ടോ?

single-img
2 June 2017

അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയായ മേഗന്‍ കെല്ലിക്ക് പറ്റിയ മണ്ടത്തരം സോഷ്യല്‍ മീഡിയയില്‍ തരംഗമായിമാറിയിരിക്കുകയാണ്. റഷ്യന്‍ സന്ദര്‍നത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് താങ്കള്‍ ട്വിറ്ററിലുണ്ടോ എന്ന ചോദ്യമാണ് മേഗന്‍ കെല്ലിക്ക് വിനയായത്.

എന്‍ബിസി ചാനലിന് വേണ്ടി റഷ്യന്‍ പ്രധാനമന്ത്രി വ്‌ളാദിമിര്‍ പുടിനെ അഭിമുഖം ചെയ്യാനെത്തിയതായിരുന്നു കെല്ലി. പുടിന്‍ കോണ്‍സ്റ്റന്റിന്‍ കൊട്ടാരത്തില്‍ മോദിയോടൊപ്പം വിരുന്നില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ കുശലസംഭാഷണത്തിനിടെയാണ് സംഭവം. കെല്ലിയെ പരിചയപ്പെട്ട ശേഷം നിങ്ങള്‍ കുടപിടിച്ചു നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ കണ്ടിട്ടുണ്ടെന്ന് മോദി പറഞ്ഞു.

എന്നാല്‍ മേഗന്‍ കെല്ലിയുടെ മറുപടി മോദിയെ മാത്രമല്ല അവിടെയുണ്ടായിരുന്ന ഏവരെയും ഞെട്ടിച്ചു. ”ആഹ..താങ്കള്‍ ട്വിറ്ററിലൊക്കെ ഉണ്ടോ” എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള കെല്ലിയുടെ പ്രതികരണം. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായി.

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ട്വിറ്ററില്‍ പിന്തുണയ്ക്കുന്ന ജനപ്രതിനിധിയായ മോദിയേ അപമാനിക്കുന്നതാണ് കെല്ലിയുടെ വാക്കുകള്‍ എന്നുവരെ ട്വീറ്റുകള്‍ വരുന്നുണ്ട്.