മലയാള സിനിമാ വിതരണ രംഗത്തേക്ക് പുതിയൊരു കമ്പനികൂടി: രഞ്ജിത്ത് ശങ്കറും ജയസൂര്യയും വിതരണ രംഗത്തേക്ക്

single-img
2 June 2017

മൂന്നു ഹിറ്റ് ചിത്രങ്ങള്‍ സൃഷ്ടിച്ച സംവിധായകന്‍ രഞ്ജിത് ശങ്കറിന്റെയും നടന്‍ ജയസൂര്യയുടെയും കൂട്ടുകെട്ട് നിര്‍മ്മാണ രംഗത്തേക്കു കൂടി. ഇരുവരുടെയും മികച്ച ഹിറ്റ് പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമെത്തുന്നുവെന്ന ചര്‍ച്ച പുരോഗമിക്കവെയാണ് ഇരുവരും വിതരണരംഗത്തേക്ക് തിരിയുന്നുവെന്ന വാര്‍ത്തയും എത്തുന്നത്. ‘പുണ്യാളന്‍ സിനിമാസ്’ എന്ന് പേരിട്ടിരിക്കുന്ന വിതരണകമ്പനിയെ കുറിച്ച് ജയസൂര്യ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ആരാധകരുമായി പങ്കുവെച്ചത്.

പുണ്യാളന്‍ സിനിമാസ് വഴി ഞങ്ങളുടെ ചിത്രങ്ങളും, ഞങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന മറ്റ് നല്ല ചിത്രങ്ങളും വിതരണത്തിനെടുത്ത് നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുകയെന്നതാണ് ഞങ്ങളുടെ ആഗ്രഹമെന്ന് ജയസൂര്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമായിരിക്കും പുണ്യാളന്‍ സിനിമാസിന്റെ ആദ്യ സിനിമയെന്നും ജയസൂര്യ പറയുന്നു. പുണ്യാളന്‍ അഗര്‍ബത്തീസിന്റെ മുകളില്‍ നില്‍ക്കുന്ന ഒരു കഥ വര്‍ക്കൗട്ട് ആയി വന്നത് ഇപ്പോഴാണെന്നും, ഞങ്ങള്‍ വീണ്ടും ഒന്നിക്കുകയാണെന്നും ജയസൂര്യ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞിരുന്നു.

ജയസൂര്യ എന്ന നടനും, രഞ്ജിത്ത് ശങ്കര്‍ എന്ന സംവിധായകനും ഏറെ പ്രശംസ നേടികൊടുത്ത ചിത്രമായിരുന്നു പുണ്യാളന്‍ അഗര്‍ബത്തീസ്. അതുകൊണ്ടുതന്നെ ഇരുവരുടെയും വിതരണരംഗത്തേക്കുളള പ്രവേശനവും, പുണ്യാളന്റെ രണ്ടാംഭാഗവും മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ജയസൂര്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വളരെ സനേഹത്തോടെ, അഭിമാനത്തോടെ, ഒരു കാര്യം അറിയിക്കട്ടെ.. ഞാനും രഞ്ജിത്ത് ശങ്കറും കൂടി ഒരു പുതിയ വിതരണ കമ്പനി ആരംഭിച്ചു. ‘പുണ്യാളന്‍ സിനിമാസ് ‘ എന്നാണ് പേര്. ഇതു വഴി ഞങ്ങളുടെ ചിത്രങ്ങളും, ഞങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന മറ്റ് നല്ല ചിത്രങ്ങളും, വിതരണത്തിന് എടുത്ത് നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുക, എന്നതാണ് ഞങ്ങളുടെ ആഗ്രഹം. ‘പുണ്യാളന്‍ സിനിമാസി’ ന്റെ ആദ്യ ചിത്രം ‘പുണ്യാളന്‍ അഗര്‍ബത്തീസി’ന്റെ രണ്ടാം ഭാഗം തന്നെയാണ്. ഈ വര്‍ഷം നവംബര്‍ 17ന് പുണ്യാളന്‍ നിങ്ങളുടെ മുന്നിലേക്ക് എത്തുന്നതാണ്. എല്ലാ സ്‌നേഹ, സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.