മതസൗഹാര്‍ദത്തിന് മാതൃക; മുസ്‌ലീങ്ങള്‍ക്ക് ഇഫ്താര്‍ വിരുന്ന് നല്‍കി ലക്ഷ്മി നരസിംഹ മൂര്‍ത്തി വിഷ്ണു ക്ഷേത്രം

single-img
2 June 2017

മലപ്പുറം: വിശുദ്ധിയുടെ പുണ്യമാസത്തില്‍ മതസൗഹാര്‍ദത്തിന്റെ ഉത്തമ ഉദാഹരണമാവുകയാണ് മലപ്പുറത്തെ ലക്ഷ്മി നരസിംഹ മൂര്‍ത്തി വിഷ്ണു ക്ഷേത്രവും ഇവിടുത്തെ നാട്ടുകാരും. 400ഓളം മുസ്ലീങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ 100ഓളം മറ്റ് മതസ്ഥരും പങ്കെടുത്തു. ക്ഷേത്രത്തിന്റ പുനപ്രതിഷ്ഠയുടെ ഭാഗമായി കൂടിയാണ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്.

കേരളത്തിലെ പരമ്പരാഗതമായ ഭക്ഷണങ്ങളും സദ്യയും ഇഫ്താര്‍ പാര്‍ട്ടിയില്‍ ഒരുക്കിയിരുന്നു. പ്രതീക്ഷിച്ചതിലും ഏറെ പേര്‍ വന്നതിനാല്‍ ക്ഷേത്രത്തിന് സമീപത്തെ മമ്മു മാസ്റ്ററുടെ വീട്ടില്‍ വെച്ചായിരുന്നു ഭക്ഷണം വിളമ്പിയത്. വിരുന്നിനായി ക്ഷണിച്ച എല്ലാ മുസ്‌ലീം കുടുംബങ്ങളും എത്തിച്ചേര്‍ന്നു എന്നും ആരും മടിച്ചില്ലെന്നത് സന്തോഷകരമായ കാര്യമാണെന്നും ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. മലപ്പുറത്തെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ വെട്ടിച്ചിറയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നൂറിലേറെ വരുന്ന മുസ്‌ലീം കുടുംബങ്ങളായിരുന്നു സാമ്പത്തിക സഹായം നല്‍കിയിരുന്നത്.