ധോനിക്കും ദ്രാവിഡിനും രാമചന്ദ്ര ഗുഹയുടെ രൂക്ഷ വിമര്‍ശനം; ഇന്ത്യയ്ക്ക് സൂപ്പര്‍ താര സിന്‍ഡ്രോം പിടിപെട്ടു

single-img
2 June 2017

 

ന്യൂഡല്‍ഹി: മുതിര്‍ന്ന ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ബിസിസിഐ ഇടക്കാല ഭരണസമിതിയില്‍ നിന്ന് രാജിവെച്ച ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. ബിസിസിഐ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായിക്ക് അയച്ച രാജിക്കത്തിലാണ് രാമചന്ദ്ര ഗുഹ ഇന്ത്യന്‍ക്രിക്കറ്റിനെ ബാധിച്ചിരിക്കുന്ന സൂപ്പര്‍ താര സിന്‍ഡ്രോമിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. കത്തില്‍ ധോനി, ദ്രാവിഡ്, ഗവാസ്‌ക്കര്‍ എന്നിവരെയാണ് ഗുഹ നിശിതമായി വിമര്‍ശിച്ചിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോനിക്ക് ബി.സി.സി.ഐ ‘എ’ ഗ്രേഡ് ശമ്പളം നല്‍കുന്നതെന്തിനാണെന്നും വിമര്‍ശിക്കുന്നു. ഇന്ത്യന്‍ ടീമംഗങ്ങളുമായി ബിസിസിഐ ഉണ്ടാക്കിയിരിക്കുന്ന കരാറില്‍ പോലും സൂപ്പര്‍ താര സിന്‍ഡ്രോം ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വിമര്‍ശിക്കുന്നു

 

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌ക്കറെയും കത്തില്‍ ഗുഹ വെറുതെ വിടുന്നില്ല. കമന്റേറ്ററായ സുനില്‍ ഗവാസ്‌ക്കറെ ചോദ്യം ചെയ്യുന്ന ഗുഹ ഗവാസ്‌ക്കറിന്റെ പ്ലെയര്‍ മാനേജ്‌മെന്റ് കമ്പനി കൈകാര്യം ചെയ്യുന്നത് ശിഖര്‍ ധവാനാണെന്നും കത്തില്‍ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ ടീം പരിശീലകനായ കുംബ്ലെയെ ബി.സി.സി.ഐ കൈകാര്യം ചെയ്ത രീതിയേയും വിമര്‍ശിക്കുന്നുണ്ട്. കുംബ്ലെയുടെ കരാറുമായി ബന്ധപ്പെട്ട കാര്യത്തില്‍ ബിസിസിഐ കൈക്കൊണ്ട തീരുമാനം തെറ്റായിരുന്നെന്നും കത്തില്‍ പറയുന്നു.

 

കഴിഞ്ഞ വര്‍ഷം കുംബ്ലെയുടെ കീഴില്‍ പരിശീലനം നേടിയ ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും ഇന്ത്യയുടെ വിജയത്തില്‍ കുറച്ചെങ്കിലും പരിശീലകനും സപ്പോര്‍ട്ടിങ്ങ് സ്റ്റാഫിനും അവകാശപ്പെട്ടതാണെന്നും കത്തില്‍ പറയുന്നു. നീതിയും ന്യായവും നോക്കുകയാണെങ്കില്‍ കുംബ്ലെയുടെ കരാര്‍ നീട്ടുകയായിരുന്നു വേണ്ടതെന്നും ഇവിടെ ബിസിസിഐ കുംബ്ലെയെ ബലിയാടാക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ മെന്ററും ഇന്ത്യന്‍ എ ടീമിന്റെ പരിശീലകനുമായ രാഹുല്‍ ദ്രാവിഡിനെയും ഗുഹ വെറുതെ വിടുന്നില്ല. ഇന്ത്യന്‍ ടീമുമായി കരാറുള്ള ഒരു താരം ഐ.പി.എല്‍ ടീമിന്റെ പരിശീലകന്‍ കൂടി ആകുന്നത് എങ്ങനെയാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നാണ് ഗുഹ കത്തില്‍ പറയുന്നത്.

 

ഇതെല്ലാം ബിസിസിഐയുടെ അശ്രദ്ധയാണെന്നും ദ്രാവിഡ് ഐ.പി.എല്‍ ടീമിനേയും ഇന്ത്യന്‍ ടീമിനേയും ഒരു പോലെ സേവിക്കുന്നത് തെറ്റല്ലെങ്കില്‍ കൂടി മൂല്ല്യാധിഷ്ടിതമല്ലാത്ത കാര്യമാണ് ദ്രാവിഡ് ചെയ്യുന്നതെന്നും ഇതു ടീം സിപിരിറ്റിന് എതിരാണെന്നും പരിശീലകര്‍ക്കെല്ലാം നെഞ്ചെരിച്ചിലുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ താത്പര്യത്തിന് എതിരാണ് ദ്രാവിഡ് ചെയ്യുന്നതെന്നും അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാട്ടുന്നു.