ബേസിലിനെ മലര്‍ത്തിയടിച്ച് സാക്ഷി മാലിക്; ‘ഗോദ’യുടെ ട്രെയിലര്‍ കണ്ടെന്ന് സാക്ഷി മാലിക്

single-img
2 June 2017

വാമിഖാ ഗബ്ബിയും ടൊവിനോ തോമസും പ്രധാന വേഷങ്ങളിലെത്തിയ ‘ഗോദ’ സിനിമ പ്രദര്‍ശന വിജയം നേടി മുന്നേറുമ്പോള്‍ യഥാര്‍ത്ഥ ഗോദ താരം സാക്ഷി മാലികിനെ അവിചാരിതമായി കണ്ടതിന്റെ ഞെട്ടലിലാണ് സംവിധായകന്‍ ബേസില്‍ ജോസഫ്. ഗുസ്തിക്കാരുടെ കഥ പറയുന്ന ചിത്രമായതിനാല്‍ ഒളിമ്പിക് മെഡല്‍ ജേതാവ് സാക്ഷി മാലിക്കിനെ തന്റെ ഗോദ സിനിമ കാണിക്കണമെന്നായിരുന്നു ബേസിലിന്റെ ആഗ്രഹം. കുറെ ശ്രമിച്ചുവെങ്കിലും അത് നടന്നിരുന്നില്ല.

എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായൊരു കണ്ടു മുട്ടലിന്റെ ഞെട്ടലിലാണ് ബേസില്‍. ബാംഗ്ലൂര്‍ യാത്രയ്ക്കിടയില്‍ അവിചാരിതമായി ഇഷ്ടതാരത്തെ കണ്ട ബേസില്‍ തന്റെ സിനിമയെക്കുറിച്ച് സാക്ഷിയോട് പറഞ്ഞു. സാക്ഷിയുടെ മറുപടി ബേസിലിനെ ശരിക്കും ഞെട്ടിച്ചു. ആ സന്തോഷം ബേസില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചതിങ്ങനെ:

ദിവസങ്ങള്‍ക്കു മുമ്പാണ് സാക്ഷിയെ ബാംഗ്ലൂരില്‍ വെച്ച് വളരെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയത്. ഗോദയെക്കുറിച്ച് ഞാന്‍ അവരോട് പറഞ്ഞപ്പോള്‍ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവര്‍ ചോദിച്ചത് പഞ്ചാബി പെണ്‍കുട്ടി ഗുസ്തിക്കാരിയായി അഭിനയിച്ച ചിത്രമല്ലേ എന്നായിരുന്നു. അവര്‍ ഗോദയെ കുറിച്ച് വായിക്കുകയും ട്രെയിലര്‍ കാണുകയും ചെയ്തിരുന്നു. സിനിമ കാണിച്ചു കൊടുക്കാനായില്ലെങ്കിലും ചിത്രത്തിലെ ഗാനങ്ങളും പ്രമോ വീഡിയോകളും സാക്ഷിക്ക് കാണിച്ചു കൊടുത്തു. സാക്ഷിക്കും ഭര്‍ത്താവിനുമൊപ്പം കാപ്പി കുടിച്ചു. കാലങ്ങളായി മനസില്‍ ആരാധിക്കുന്ന സാക്ഷിയെ നേരിട്ട് കാണാന്‍ കഴിഞ്ഞത് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നും ബേസില്‍ ഫേസ്ബുക്കില്‍ കുറിച്ചു.