ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സില്‍ പകുതിയും വ്യാജം; പല അക്കൗണ്ടുകളും അടുത്തിടെ സൃഷ്ടിക്കപ്പെട്ടത്

single-img
1 June 2017

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സ് പകുതിയും വ്യാജമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ 31 ദശലക്ഷം ഫോളോവേഴ്‌സാണ് ട്വിറ്ററില്‍ ട്രംപിനുള്ളത്. എന്നാല്‍ 15 ലക്ഷത്തോളം അക്കൗണ്ടുകളും വ്യാജമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാജമെന്ന് കരുതുന്ന അക്കൗണ്ടുകളില്‍ വ്യക്തിഗത വിവരങ്ങളോ പ്രൊഫൈല്‍ പിക്ച്ചറോ ഇല്ല. ഫോളോവേഴ്‌സിലെ പല അക്കൗണ്ടുകളും അടുത്തിടെ സൃഷ്ടിക്കപ്പെട്ടതായിട്ടാണ് കരുതപ്പെടുന്നത്. ഈ വിവരം അടുത്തിടെ പുറത്തു വന്ന ട്വിറ്റര്‍ ഓഡിറ്റ് റിപ്പോര്‍ട്ടും വ്യക്തമാക്കിയിരുന്നു.

2016 പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടയിലും ട്രംപിന്റെ വ്യാജ ഫോളോവേഴ്‌സിനെ കണ്ടെത്തിയിരുന്നു. അന്നുണ്ടായിരുന്ന എട്ട് ദശലക്ഷത്തിലെ എട്ടു ശതമാനം ഫോളോവേഴ്‌സും വ്യാജമാണെന്നായിരുന്നു അന്ന് പുറത്തു വന്ന വിവരം. ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ 2017 ജനുവരിയില്‍ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ 20 ദശലക്ഷത്തില്‍ 32 ശതമാനം വരുന്ന ആറ് ദശലക്ഷം അക്കൗണ്ടുകള്‍ വ്യാജമാണെന്ന് റിപ്പോര്‍ട്ടര്‍ യാഷര്‍ അലി കണ്ടെത്തിയിരുന്നു.

ഇപ്പോള്‍ ട്രംപിന്റെ ഫോളോവേഴ്‌സ് 15 ദശലക്ഷം കൂടി ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ ഈ കണക്കും കൃത്യമല്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം മുന്‍ പ്രസിഡന്റ് ബാരക് ഒബാമയുടെ ഫോളോവേഴ്‌സിന്റെ എണ്ണം 89 ദശലക്ഷമായിരുന്നു. ഇതില്‍ 21 ശതമാനം വ്യാജമായിരുന്നു. ട്രംപിന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ പകുതിയും വ്യാജമാണെന്ന ആരോപണം നടത്തിയിരിക്കുന്നത് ട്രംപിന്റെ രാഷ്ട്രീയ എതിരാളി ഹിലരിയായിരുന്നു.