വാഗ്‌ദാനങ്ങൾ പാലിക്കാതെ ജനത്തെ വഞ്ചിച്ച മോദിസർക്കാ‍ർ ഭക്ഷണച്ചട്ടം അടിച്ചേൽപ്പിക്കുന്നു: സീതാറാം യെച്ചൂരി

single-img
1 June 2017

വാഗ്‌ദാനങ്ങൾ പാലിക്കാതെ ജനത്തെ വഞ്ചിച്ച മോദി സർക്കാർ ഭക്ഷണച്ചട്ടം അടിച്ചേൽപ്പിക്കുകയാണെന്ന് സി പി ഐ ( എം)  ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര സർക്കാരിന്റെ കഴിഞ്ഞ മൂന്നു വർഷത്തെ പ്രവർത്തനം വിലയിരുത്തി സിപിഎം തയാറാക്കിയ പുസ്‌തകം യച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ വൃന്ദ കാരാട്ട്, എം.എ.ബേബി എന്നിവർ ചേർന്നു പ്രകാശിപ്പിച്ച ചടങ്ങിലാണു യെച്ചൂരിയുടെ പ്രസ്താവന.

കശാപ്പിനായി കന്നുകാലികളെ ചന്തകളിൽ വിൽക്കുന്നതു തടഞ്ഞുള്ള ചട്ടങ്ങൾ മോദി സർക്കാരിന്റെ മൂന്നാം വാർഷികത്തിൽ ആർഎസ്‌എസിന്റെ പശുസംരക്ഷകർക്കുള്ള സമ്മാനമാണെന്ന്  സി പി എം വിലയിരുത്തുന്നു.

വർഗീയ ധ്രുവീകരണം, പാർലമെന്ററി ജനാധിപത്യ സ്‌ഥാപനങ്ങൾ തകർക്കൽ തുടങ്ങിയ ആർ എസ് എസ് അജണ്ടകളാണു കഴിഞ്ഞ മൂന്നുവർഷമായി നടപ്പാക്കപ്പെടുന്നതെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. ദളിതരും മുസ്​ലിംകളുമാണ് വർഗീയ ധ്രുവീകരണത്തിന് ഇരകളാവുന്നത്. ഇതിനെതിരെയുൾപ്പെടെ ജനങ്ങളുടെ ബദൽ അടുത്ത തിരഞ്ഞെടുപ്പിനു മുൻപു ശക്‌തമായ രീതിയിൽ ഉരുത്തിരിയുമെന്നും യച്ചൂരി പറഞ്ഞു.

“മോദി സർക്കാർ അധികാരമേറ്റപ്പോൾ രാജ്യത്തെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 49% രാജ്യത്തെ 1% ജനങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. രണ്ടു വർഷംകൊണ്ട് ജിഡിപിയുടെ 58.4 ശതമാനം ഒരു ശതമാനം പേരുടെ നിയന്ത്രണത്തിലായി. ചുരുക്കത്തിൽ, സമ്പന്നർ കൂടുതൽ സമ്പന്നരായി, ദരിദ്രർ കൂടുതൽ ദരിദ്രരും,“ യെച്ചൂരി പറഞ്ഞു.

ആർഎസ്‌എസിനോടു വിയോജിച്ച പ്‌ളസ് ടു വിദ്യാർഥി ചേർത്തലയിൽ കൊല ചെയ്യപ്പെട്ടത് ആരാണ് കൊലപാതക സംസ്‌കാരത്തിന്റെ വക്‌താക്കളെന്നതിനു തെളിവാണെന്ന് ചടങ്ങിൽ സംസാരിച്ച എം .എ.ബേബി പറഞ്ഞു.