വേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറന്നു, വര്‍ണാഭമായി പ്രവേശനോത്സവം

single-img
1 June 2017

സംസ്ഥാനത്തെ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായി. സംസ്ഥാനത്ത് ഇന്ന് ആദ്യമായി അക്ഷരമുറ്റത്തേക്ക് പിച്ചവെച്ചത് മൂന്നര ലക്ഷത്തോളം കുരുന്നുകള്‍. വര്‍ണാഭമായ പ്രവേശനോത്സവങ്ങളോടെയാണ് വിദ്യാലയങ്ങള്‍ അവരെ വരവേറ്റത്. കുട്ടികളെ സ്വീകരിക്കാന്‍ വിദ്യാലയങ്ങളിലെല്ലാം വിപുലമായ രീതിയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുണ്ട്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഊരുട്ടമ്പലം യു.പി. സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു.

മുരുകന്‍ കാട്ടക്കട രചിച്ച് ചിത്ര ആലപിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ ഗാനമാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്വാഗതമോതിയത്. ചിത്രങ്ങള്‍ വരച്ച് ആകര്‍ഷകമാക്കിയ ചുവരിന് പുറമെ പുത്തന്‍ ബെഞ്ചും ഡസ്‌ക്കുമൊക്കെ കുരുന്നുകള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ആദ്യ ദിനം സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികളെ കഥാപുസ്തകവും പാഠപുസ്തകങ്ങളും നല്‍കിയാണ് വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചത്. കൂടാതെ ക്ലാസെടുക്കുകയും ചെയ്തു അദ്ദേഹം. പൊതു വിദ്യാഭ്യാസം സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ സ്‌കൂളുകളുടെ വികസനത്തിനും സംസ്ഥാന സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.