ഇടപാടുകള്‍ സൂക്ഷിച്ചുവേണം: എസ്ബിഐയുടെ പുതുക്കിയ സര്‍വീസ് ചാര്‍ജുകള്‍ നിലവില്‍ വന്നു

single-img
1 June 2017

എസ്ബിഐയുടെ പുതുക്കിയ സര്‍വീസ് ചാര്‍ജുകള്‍ ഇന്നുമുതല്‍ നിലവില്‍ വന്നു. എസ്ബിഐ ബഡ്ഡി ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്തിയ എടിഎം സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടെയുള്ള നിരക്കുകളാണ് ഇന്ന് പ്രാബല്യത്തില്‍ വന്നത്. എടിഎമ്മില്‍നിന്നു പണം പിന്‍വലിക്കല്‍, ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകള്‍, ചെക്ക് ബുക്ക് വിതരണം ചെയ്യല്‍ എന്നിവയ്ക്ക് എസ്ബിഐ ഇന്നു മുതല്‍ സേവനനിരക്ക് ഈടാക്കും.

 

എസ്ബിഐയുടെ മൊബൈല്‍ വാലറ്റ് സംവിധാനമായ ബഡ്ഡി ഉപഭോക്താക്കള്‍ എടിഎം ഉപയോഗിക്കുന്നതിന് 25 രൂപ സര്‍വ്വീസ് ചാര്‍ജ് നല്‍കണം. സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് മെട്രോ നഗരത്തില്‍ മാസത്തില്‍ എട്ട് എടിഎം ഇടപാടുകള്‍ സൗജന്യമായി ലഭിക്കും. എസ്ബിഐ എടിഎമ്മില്‍ നിന്ന് അഞ്ചും, മറ്റ് ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് മൂന്നും ഇടപാടുകള്‍ സൗജന്യമായി നടത്താം.

 

ഒരു ലക്ഷം രൂപ വരെയുളള ഇമ്മീഡിയറ്റ് പേയ്‌മെന്റ് സര്‍വ്വീസ് വഴിയുളള ഓണ്‍ലൈന്‍ ഫണ്ട് ട്രാന്‍സ്ഫറിന് അഞ്ചു രൂപ സര്‍വ്വീസ് ചാര്‍ജും ടാക്‌സും ഈടാക്കും. ഒരു ലക്ഷത്തിന് മുകളില്‍ രണ്ടു ലക്ഷം വരെയുളള ഇടപാടുകള്‍ക്ക് 15 രൂപയും സര്‍വ്വീസ് ടാക്‌സും, രണ്ടു ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെയുള്ള തുകക്ക് 25 രൂപയും ടാക്‌സും എന്നതാണ് നിരക്ക്.

 

കൂടാതെ കീറിയ നോട്ട് മാറ്റുന്നതിലും നിരക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 20 ല്‍ കൂടുതല്‍ നോട്ടുകള്‍ അല്ലെങ്കില്‍ 5000 മുകളില്‍ മൂല്യമുള്ള നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഓരോ നോട്ടിനും രണ്ടു രൂപയും സര്‍വ്വീസ് ടാക്‌സും നല്‍കണം. ബേസിക് സേവിംങ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുടമകള്‍ പത്ത് ലീഫുള്ള ചെക്ക് ബുക്കിന് 30 രൂപയും ടാക്‌സും, 25 ലീഫുള്ള ബുക്കിന് 75 രൂപയും ടാക്‌സും, 50 ലീഫുള്ള ബുക്കിന് 150 രൂപയും ടാക്‌സും നല്‍കണം.