കണ്ണൂരിലെ പരസ്യ കശാപ്പ്: റിജില്‍ മാക്കുറ്റിയടക്കം എട്ടുപേര്‍ അറസ്റ്റില്‍

single-img
1 June 2017

പ്രതിഷേധത്തിന്റെ ഭാഗമായി കണ്ണൂരില്‍ കാളക്കുട്ടിയെ പരസ്യമായി അറുത്തു മാംസം വിതരണം ചെയ്ത കേസില്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയടക്കം എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവമോര്‍ച്ച ജില്ലാ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വളര്‍ത്തു മൃഗങ്ങള്‍ക്കെതിരെയുള്ള പരസ്യമായ ക്രൂരത തടയല്‍ നിയമം ചേര്‍ത്താണു സിറ്റി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മാടിനെ അറുക്കാന്‍ ഉപയോഗിച്ച മിനി വാന്‍ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

നേരത്തേ, സംഭവവുമായി ബന്ധപ്പെട്ട് റിജില്‍ മാക്കുറ്റിയടക്കം മൂന്നു പേരെ യൂത്ത് കോണ്‍ഗ്രസില്‍നിന്നു പുറത്താക്കിയിരുന്നു. ശനിയാഴ്ച വൈകിട്ടാണ് കണ്ണൂര്‍ സിറ്റിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ബീഫ് പ്രതിഷേധം അരങ്ങേറിയത്. പ്രതിഷേധത്തിന്റെ ഭാഗമായി ചെറിയ കാളക്കുട്ടിയെ എത്തിച്ചു പരസ്യമായി അറുത്തു മാംസം വിതരണം ചെയ്യുകയായിരുന്നു.

സമരം കഴിഞ്ഞ ഉടന്‍ റിജില്‍ മാക്കുറ്റിക്കും ഒരുകൂട്ടം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും എതിരെ യുവമോര്‍ച്ച ജില്ലാ ഭാരവാഹികള്‍ സിറ്റി സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കശാപ്പ് നടത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങള്‍ വഴി യുവമോര്‍ച്ച ദേശീയതലത്തിലും പ്രചരിപ്പിക്കുകയും ചെയ്തു. കണ്ണൂര്‍ മജിസ്‌ട്രേറ്റിന്റെ അനുമതി നേടിയ ശേഷമാണ് സിറ്റി പൊലീസ് റിജില്‍ മാക്കുറ്റി ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തത്.