ഓക്‌സിജന്‍ ശ്വസിച്ച് ഓക്‌സിജന്‍ പുറത്തുവിടുന്ന ഏക ജീവി പശുവെന്ന് ജെ ആര്‍ പത്മകുമാറും: ട്രോളുകളുടെ പെരുമഴ

single-img
1 June 2017

തിരുവനന്തപുരം: രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മഹേഷ് ചന്ദ്ര ശര്‍മ്മ ഇന്നലെ നടത്തിയ പ്രസ്താവന ലോകത്തിനു മുന്നില്‍ ഇന്ത്യന്‍ ജുഡീഷ്യറി തന്നെ പരിഹസിക്കപ്പെടുന്ന അവസ്ഥയുളവാക്കുകയുണ്ടായി. ഇന്നലെ മലയാളം ചാനലുകളിലെ അന്തിചര്‍ച്ചയുടെ വിഷയവും ഇതു തന്നെയായിരുന്നു. എന്നാല്‍ മാതൃഭൂമി ന്യൂസ് ചാനലില്‍ നടന്ന ചര്‍ച്ചയില്‍ രാജസ്ഥാന്‍ ജഡ്ജിയുടെ പക്ഷം പിടിച്ച ബിജെപി നേതാവ് ജെ ആര്‍ പത്മകുമാര്‍ വിവരക്കേട് വിളിച്ചു പറഞ്ഞ് സ്വയം പരിഹാസ്യനായി മാറുന്ന മറ്റൊരു മഹാ ദുരന്തത്തിനാണ് മലയാളികള്‍ ഇന്നലെ സാക്ഷ്യം വഹിച്ചത്.

വിവാദ പരാമര്‍ശം നടത്തിയ രാജസ്ഥാന്‍ ജഡ്ജിയെ പിന്തുണക്കാനും ബിജെപിയുടെ ബീഫ് രാഷ്ട്രീയത്തെ ശരിവെക്കാനും വേണ്ടി പത്മകുമാര്‍ ജസ്റ്റിസ് മഹേഷ് ചന്ദ്ര ശര്‍മ്മ പറഞ്ഞ വാദങ്ങള്‍ ശരിവെക്കുകയായിരുന്നു. ചര്‍ച്ച കൊഴുത്തു വന്ന വേളയില്‍ ജസ്റ്റിസ് പറഞ്ഞതു പോലെ ഓക്‌സിജന്‍ ശ്വസിച്ച് ഓക്‌സിജന്‍ പുറത്തു വിടുന്ന ഏക ജീവി പശുവാണ് എന്ന കണ്ടെത്തലാണ് ബിജെപി വക്താവ് നടത്തിയത്. ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് സംസാരിച്ച ഡോ. ഫസല്‍ ഗഫൂര്‍ വിവര ദോഷം പറയല്ലേ നേതാവെ എന്നു പറഞ്ഞെങ്കിലും പത്മകുമാര്‍ പറഞ്ഞത് തിരുത്താന്‍ തയ്യാറായില്ല.