‘നിഷാം കാരുണ്യവാനും ധനസഹായിയും’: കൊലയാളിയുടെ മോചനത്തിനായി ചരിത്രത്തിലാദ്യമായി പൊതുയോഗം

single-img
1 June 2017

സുരക്ഷാജീവനക്കാരന്‍ ചന്ദ്രബോസിനെ നിഷ്ഠൂരമായി വാഹനം ഇടിപ്പിച്ചുകൊന്ന കേസില്‍ ജീവപര്യന്തം ജയില്‍ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിന്റെ മോചനത്തിനായി പൊതുയോഗം സംഘടിപ്പിക്കുന്നു. നിഷാമിന്റെ നാടായ അന്തിക്കാടിനു സമീപം മുറ്റിച്ചൂരിലാണ് പൊതുയോഗം വിളിച്ചിരിക്കുന്നത്. ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം കഠിന തടവിനു ശിക്ഷിക്കപ്പെട്ട് നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നിഷാമിനെ ജയില്‍ മോചിതനാക്കണമെന്നാവശ്യപ്പെട്ടാണ് ഇന്നത്തെ യോഗം. നിഷാമിന്റെ സുഹൃത്തുക്കളും തൊഴിലാളികളുമാണ് ഇന്ന് ഉച്ചയ്ക്കു രണ്ടിനു നടക്കുന്ന യോഗത്തിന് പിന്നില്‍. മുഹമ്മദ് നിഷാം പൊതുകാര്യ ധനസഹായിയാണെന്നും കാരുണ്യവാനാണെന്നും ചൂണ്ടിക്കാട്ടി നോട്ടീസ് പ്രചരണവും തുടങ്ങിയിട്ടുണ്ട്.

എന്നാല്‍ നോട്ടീസില്‍ ചന്ദ്രബോസിന്റെ മരണം യാദൃശ്ചികമാണെന്ന വിശദീകരണമാണുള്ളത്. പൊതുകാര്യ ധനസഹായി, കാരുണ്യ ധര്‍മസ്‌നേഹി, കായികസംരംഭ പ്രവര്‍ത്തകന്‍ എന്നിവയാണു കൊലക്കേസ് പ്രതിക്കുള്ള വിശേഷണങ്ങളായി നല്‍കിയിരിക്കുന്നത്. കൂടാതെ യാദൃശ്ചികമായുള്ള പ്രകോപനങ്ങളാലുണ്ടായ നിര്‍ഭാഗ്യകരമായ സംഭവമെന്നാണു ചന്ദ്രബോസിന്റെ കൊലപാതകത്തെ വിശേഷിപ്പിപ്പിച്ചിരിക്കുന്നത്.മാധ്യമങ്ങള്‍ കാര്യങ്ങള്‍ പെരുപ്പിച്ചു നിഷാമിനെ കൊടുംഭീകരനാക്കിയെന്നും നിഷാം ജയിലില്‍ കിടക്കുന്നത് അദേഹത്തിന്റെ സ്ഥാപനങ്ങളിലെ ആയിരക്കണക്കിനു തൊഴിലാളി കുടുംബങ്ങളെ ബാധിക്കുമെന്നും പറഞ്ഞാണു പൊതുയോഗത്തിനുള്ള നോട്ടീസ് തയ്യാറാക്കിയിരിക്കുന്നത്.

സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ ആഡംബരവാഹനം ഇടിപ്പിച്ചും മര്‍ദിച്ചും അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് മുഹമ്മദ് നിഷാം ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. കോടികളുടെ ആസ്തിയുള്ള നിഷാം ശിക്ഷിക്കപ്പെടുന്നതിനു മുന്‍പും പിന്‍പും പോലീസിന്റെ വഴിവിട്ട സഹായങ്ങള്‍ നേടിയിരുന്നു. ശിക്ഷയുടെ തുടക്കത്തില്‍ തന്നെ ശിക്ഷാ ഇളവ് നല്‍കാനുള്ള പട്ടികയിലും ഇടം പിടിച്ചിരുന്നു. അതേസമയം, നോട്ടീസ് പ്രകാരം യോഗം നടക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍. അത്തരത്തില്‍ സംഭവിച്ചാല്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതിയുടെ മോചനത്തിനായി പൊതുയോഗം സംഘടിപ്പികുന്നത് ചരിത്രത്തിലാദ്യമാകും.