ജേക്കബ് തോമസ് ഒരുമാസത്തേക്ക് കൂടി അവധിയില്‍, തീരുമാനം സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന്

single-img
1 June 2017

സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വീണ്ടും അവധി നീട്ടി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജൂണ്‍ 30 വരെയാണ് അവധി നീട്ടിയത്. അവധിയുടെ കാലാവധി ഇന്ന് തീരാനിരിക്കെയാണ് വീണ്ടും ജേക്കബ് തോമസ് അവധി അപേക്ഷ നല്‍കിയത്‌. ഇത് സംബന്ധിച്ച അപേക്ഷ സര്‍ക്കാരിന് അദ്ദേഹം കഴിഞ്ഞ ദിവസം കൈമാറി. തിരിച്ചെത്തുന്ന ജേക്കബ് തോമസിനെ ഏതു പദവിയില്‍ നിയമിക്കുമെന്നു സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഇതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ അവധിനീട്ടിയെടുക്കാന്‍ നിര്‍ദേശിച്ചതെന്നാണ് വിവരം. ഇതോടെ മൂന്നുമാസമാകും ജേക്കബ് തോമസിന്റെ അവധി.

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് രണ്ടുമാസം മുന്‍പാണ് ജേക്കബ് തോമസ് അവധിയെടുത്തത്. വിജിലന്‍സിനെതിരായി തുടര്‍ച്ചയായി ഹൈക്കോടതിയുടെ പരാമര്‍ശം വന്ന സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം ജേക്കബ് തോമസ്‌ നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചത്. വ്യക്തിപരമായ കാരണത്താല്‍ അവധിയെടുക്കുന്നതായാണു കത്തില്‍ സൂചിപ്പിച്ചത്.

തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടറുടെ താത്കാലിക ചുമതല ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറിയിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന് സെന്‍കുമാര്‍ പൊലീസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തിയപ്പോള്‍ ലോക്‌നാഥ് ബെഹ്‌റയ്ക്ക് സര്‍ക്കാര്‍ വിജിലന്‍സിന്റെ പൂര്‍ണ ചുമതല നല്‍കി.