കശ്മീരിൽ നടക്കുന്നത് പട്ടാളഭരണം: കശ്മീർ സി പി എം നേതാവ് യൂസുഫ് തരിഗാമി

single-img
1 June 2017

ജമ്മു കാശ്മീരിൽ നടപ്പാക്കപ്പെടുന്നത് പട്ടാളഭരണത്തിനു സമാനമായ അവസ്ഥയാണെന്ന് കശ്മീരിലെ സി പി ഐ (എം) നേതാവ് യൂസുഫ് തരിഗാമി അഭിപ്രായപ്പെട്ടു. പട്ടാളത്തെ ഉപയോഗിക്കുന്നത് കശ്മീർ പ്രശ്നത്തിനുഒരു പരിഹാരമേയല്ലെന്നും തരിഗാമി പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്ന കാര്യങ്ങൾ പട്ടാളഭരണം നിലവിലുള്ള രാജ്യങ്ങളിലേതിനു സമാനമാണെന്നാണു തരിഗാമി ആരോപിച്ചത്. ഒരു സിവിലിയനെ മനുഷ്യകവചമായി ഉപയോഗിച്ച സൈന്യത്തിന്റെ നടപടിയെ ന്യായീകരിച്ച് രംഗത്തെത്തിയ കരസേനാമേധാവിയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രസ്സ് കോൺഫറൻസിലൂടെയാണു അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.

ഇന്ത്യയുടെ പൌരന്മാരെ മനുഷ്യകവചമാക്കി അവരോടുതന്നെ യുദ്ധം ചെയ്യുന്ന നിലയിലേയ്ക്ക് നമ്മുടേ സൈന്യം അധഃപതിച്ചത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

സി പി ഐ എമ്മിന്റെ കുൽഗാമിൽ നിന്നുള്ള എം എൽ ഏ കൂടിയാണു തരിഗാമി.

കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ അവരുടെ സ്ഥാപിത രാഷ്ട്രീയതാൽപ്പര്യങ്ങൾക്കുവേണ്ടി സൈന്യത്തെ കശ്മീരികൾക്കെതിരായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി സർക്കാർ ആർ എസ് എസ് അജണ്ട നടപ്പാക്കുകയാണെന്നും അത് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള അജണ്ടയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷങ്ങൾക്കിടയിൽ ഇരയാക്കപ്പെടുന്നത് കശ്മീർ ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ രണ്ടു രാഷ്ട്രങ്ങളും ചർച്ചകൾക്ക് തയ്യാറായിക്കൊണ്ട് രാഷ്ട്രീയമായ പക്വത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.