തങ്ങളുടെ സൈനികനെ കാണാതായതിനു പിന്നില്‍ ഇന്ത്യയെന്ന് പാകിസ്താന്‍; നിഷേധിച്ച് ഇന്ത്യ

single-img
1 June 2017

 

 

കുല്‍ഭൂഷണ്‍ ജാദവിനെ മോചിപ്പിക്കാന്‍ തങ്ങളുടെ സൈനികനെ ഇന്ത്യ തട്ടിയെടുത്തെന്നാരോപിച്ച് പാകിസ്താന്‍ രംഗത്ത്. പാകിസ്താന്‍ സൈനികനായ ലഫ്. കേണല്‍ ഹബീബ് സാഹീറിനെ ഏപ്രില്‍ ആറിനാണ് നേപ്പാളില്‍ നിന്നും കാണാതായത്. ഇതിനു പിന്നില്‍ ഇന്ത്യയാണെന്നാണ് പാകിസ്താന്റെ ആരോപണം. കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പുതിയ വഴിത്തിരിവൊരുക്കാനാണ് ഇന്ത്യ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ നേതൃത്വത്തില്‍ സൈനികനെ തട്ടിക്കൊണ്ടു പോയതെന്നാണ് പാകിസ്ഥാന്റെ ആരോപണം.

ഹബീബിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പാകിസ്താന്‍ ഇന്ത്യക്ക് കത്തെഴുതി. വിഷയത്തില്‍ പാക് മാധ്യമങ്ങള്‍ നേരത്തെ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നെങ്കിലും പാകിസ്താന്‍ ആദ്യമായാണ് ഔദ്യോഗികമായി ഇത്തരമൊരു ആരോപണമുയര്‍ത്തുന്നത്. ഹബീബ് സാഹിര്‍ ഇപ്പോള്‍ റോയുടെ പിടിയിലാണെന്ന കാര്യം തങ്ങള്‍ സ്ഥിരീകരിച്ചതായും പാകിസ്താന്‍ അവകാശപ്പെടുന്നു. അതേസമയം ഹബീബിനെക്കുറിച്ച് യാതൊരു വിവരവും തങ്ങളുടെ പക്കലില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.

എന്നാല്‍ ഇത് അംഗീകരിക്കാന്‍ പാകിസ്താന്‍ ഇതുവരെയും തയാറായിട്ടില്ല. പാക് ചാരസംഘടനയായ ഐഎസ്‌ഐയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹബീബിനെ ലുംബിനിയില്‍ നിന്നുമാണ് കാണാതായത്. നേപ്പാളിലെ യു.എന്‍ ഏജന്‍സിയില്‍ ജോലിക്ക് അവസരം കിട്ടി പോവുകയാണെന്നായിരുന്നു ഇയാള്‍ വീട്ടുകാര്‍ക്ക് നല്‍കിയ വിശദീകരണം. എന്നാല്‍ ഹബീബ് അപ്രത്യക്ഷനായതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരികയാണെന്ന് നേപ്പാള്‍ എംബസി അധികൃതര്‍ സ്ഥീരികരിച്ചിട്ടുണ്ട്. ഹബീബിനെ കണ്ടെത്തുന്നതിനായി നേപ്പാള്‍ വിദേശകാര്യ മന്ത്രാലയത്തോട് പാകിസ്താന്‍ നേരത്തെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.