സെന്‍കുമാര്‍ കേസ് നടത്തിപ്പിന് ചെലവായ തുകയെക്കുറിച്ച് അറിയില്ലെന്ന് സര്‍ക്കാര്‍, കുറ്റകരമായ നടപടിയെന്ന് നിയമവിദഗ്ദ്ധര്‍

single-img
31 May 2017

ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് കേസ് നടത്തിപ്പിനായി ചെലവാക്കിയ തുക സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ ഓഫീസിലും പൊതുഭരണ വകുപ്പിലും ഒരുരൂപയുടെ കണക്കുപോലും ഇല്ലെന്ന് വ്യക്തമായത്. ഇത് ഗുരുതരമായ നിയമലംഘനവും കുറ്റകരമായ നടപടിയുമാണെന്നാണ് നിയമ വിദഗദ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഹൈക്കോടതി, സിഎറ്റി, സുപ്രീംകോടതി എന്നിവിടങ്ങളില്‍ കേസ് നടത്തിപ്പിനായി ചെലവാക്കിയ തുകയുടെ കണക്കുകള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശപ്രവര്‍ത്തകനായ പായിച്ചിറ നവാസാണ് പൊതുഭരണ വകുപ്പിനെ സമീപിച്ചത്. എന്നാല്‍ ചെലവുകള്‍ സംബന്ധിച്ച വിവരം ഈ വകുപ്പിന്റെ കൈവശം ലഭ്യമല്ല എന്നാണ് പൊതുഭരണ വകുപ്പ് അറിയിച്ചത്.

ഹൈക്കോടതിയില്‍ സര്‍ക്കാരിനെതിരെ ഫയല്‍ ചെയ്യുന്ന കേസുകളില്‍ അഡ്വക്കേറ്റ് ജനറലും അദ്ദേഹം ചുമതലപ്പെടുത്തുന്ന സര്‍ക്കാര്‍ പ്ലീഡര്‍മാരുമാണ് കേസുകള്‍ വാദിക്കുന്നത്. കേരള അഡ്മിനിസ്‌ട്രേറ്റ് ട്രൈബ്യൂണലില്‍ സര്‍ക്കാരിനുവേണ്ടി കേസുകള്‍ വാദിക്കുന്നത് അഡ്വക്കേറ്റ് ജനറലും അദ്ദേഹം ചുമതലപ്പെടുത്തുന്ന സര്‍ക്കാര്‍ പ്ലീഡര്‍മാരുമാണ്. അതിനാല്‍ ചെലവുകള്‍ സംബന്ധിച്ച വിവരം വകുപ്പിലെ പൊതു അധികാരികളുടെ കൈവശം ഇല്ല എന്നും മറുപടിയില്‍ പറയുന്നു.

ടി പി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ ജി പ്രകാശ്, ഹരീഷ് സാല്‍വെ, പിപി റാവു, സിദ്ധാര്‍ത്ഥ ലൂത്ര, ജയദീപ് ഗുപ്ത എന്നിവരാണ് ഹാജരായത്. എന്നാല്‍ കേസിന്റെ നടത്തിപ്പ് സംബന്ധിച്ച തുക ഇതുവരെയും കണക്കാക്കിയിട്ടില്ല എന്നും വിവരവകാശ രേഖയില്‍ പറയുന്നു.

കേസിന്റെ ആവശ്യങ്ങള്‍ക്കായി ഉദ്യോഗസ്ഥര്‍ നടത്തിയ യാത്ര, ഭക്ഷണം, താമസം എന്നിവയുടെ ചെലവുകള്‍ സംബന്ധിച്ച് വിവരങ്ങള്‍ ലഭിക്കുന്നതിനായി അപേക്ഷയുടെ പകര്‍പ്പ് നിയമ വകുപ്പ്, അഡ്വക്കേറ്റ് ജനറലിന്റെ കാര്യാലയം, പൊതു ഭരണ വകുപ്പിലെയും പോലീസ് ആസ്ഥാനത്തേയും സ്‌റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് അയച്ചു കൊടുത്തിട്ടുണ്ടെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.

കേസ് നടത്തിപ്പിനായി മൂന്നുകോടി രൂപ ചെലവായതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ എത്രരൂപ ചെലവായി എന്നതില്‍ കൃത്യതയില്ലെന്നും പിന്നെ അറിയിക്കാം എന്നുമായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നത്.