ഉത്തര കൊറിയക്ക് മുന്നറിയിപ്പുമായി അമേരിക്ക; മിസൈല്‍ പ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ചു

single-img
31 May 2017


ഉത്തര കൊറിയക്ക് മുന്നറിയിപ്പുമായി അമേരിക്ക. ഭൂഖണ്ഡാന്തര മിസൈല്‍ പ്രതിരോധ സംവിധാനം അമേരിക്ക വിജയകരമായി പരീക്ഷിച്ചു. തുടര്‍ച്ചയായി മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തി അമേരിക്കയേയും ദക്ഷിണ കൊറിയയേയും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഉത്തരകൊറിയക്കുള്ള മറുപടിയായാണ് ഗ്രൌണ്ട് ബേസ്ഡ് ഇന്റര്‍സെപ്റ്റര്‍ എന്ന മിസൈല്‍ പ്രതിരോധ സംവിധാനം.

പരീക്ഷണാടിസ്ഥാനത്തില്‍ തയ്യാറാക്കിയ ബാലിസ്റ്റിക് മിസൈല്‍ കാലിഫോര്‍ണിയ വ്യോമത്താവളത്തില്‍ നിന്ന് തൊടുത്ത് വിട്ടായിരുന്നു പരീക്ഷണമെന്ന് മിസൈല്‍ പ്രതിരോധ ഏജന്‍സി അറിയിച്ചു. ആദ്യമായാണ് ഇത്തരത്തിലൊരു പരീക്ഷണം നടക്കുന്നത്. പരീക്ഷണം സുപ്രധാന നാഴിക കല്ലാണെന്ന് പ്രതിരോധ ഏജന്‍സി ഡയറക്ടര്‍ വൈസ് എഎം ജിം സിറിങ് പറഞ്ഞു. ഏത് ഭീഷണിയേയും നേരിടാനും രാജ്യത്തെ മിസൈല്‍ ആക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കാനും ഈ പ്രതിരോധ സംവിധാനം ഏറെ പ്രധാനപ്പെട്ടതാണെന്നും ജിം സിറിങ് അറിയിച്ചു. ഇറാന്‍ മിസൈല്‍ശേഷി വര്‍ധിപ്പിക്കുന്നതും പരീക്ഷണത്തിനു കാരണമാണെന്നു പെന്റഗണ്‍ വക്താവ് അറിയിച്ചു.

ഉത്തരകൊറിയയുടെ ആണവാക്രമണ ഭീഷണിയെ നേരിടാവുന്ന തരത്തിലാണു പ്രതിരോധമിസൈല്‍ വികസിപ്പിച്ചിട്ടുള്ളത്. കരയില്‍നിന്നു തൊടുക്കാവുന്നതും ശേഷി കൂടിയതുമായ ഭൂഖണ്ഡാന്തര മിസൈല്‍ പ്രതിരോധമാണിത്. ജപ്പാനെയും യുഎസ് സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിടുന്ന മധ്യദൂര മിസൈലുകള്‍ ഇനിയും വലിയതോതില്‍ നിര്‍മിക്കുകയും പരീക്ഷിക്കുകയും ചെയ്യുമെന്ന ഉത്തരകൊറിയയുടെ ഭീഷണിയെ തുടര്‍ന്നാണു പെന്റഗണിന്റെ പുതിയ നീക്കം.