ബീഫ് ഫെസ്റ്റ് നടത്തിയതിന് മലയാളിയെ മര്‍ദ്ദിച്ച എട്ട് എബിവിപിക്കാര്‍ക്കെതിരെ കേസ്; സൂരജിനെതിരെയും കേസ്

single-img
31 May 2017

മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റ് നടത്തിയതിനു മലയാളി വിദ്യാര്‍ഥിക്കു മര്‍ദനമേറ്റ സംഭവത്തില്‍ ഒന്‍പതു പേര്‍ക്കെതിരെ കേസ്. ഉത്തരേന്ത്യക്കാരനായ മനീഷ് കുമാറടക്കം ഒന്‍പതു പേര്‍ക്കെതിരെയാണു പൊലീസ് കേസെടുത്തത്. കലാപം അഴിച്ചുവിടുക, മര്‍ദനം, തടഞ്ഞുവയ്ക്കുക എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളുടെ പരാതിയില്‍, മര്‍ദനത്തിനിരയായി ചികിത്സയിലുള്ള മലയാളി വിദ്യാര്‍ഥി സൂരജിനെതിരെയും കേസെടുത്തിട്ടുണ്ട്.

കന്നുകാലികളുടെ കശാപ്പിനും വില്‍പ്പനയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം ഇറക്കിയ വിജ്ഞാപനത്തിനെതിരെ കഴിഞ്ഞദിവസം രാത്രിയാണ് ഐഐടി ക്യാംപസില്‍ വിദ്യാര്‍ത്ഥികള്‍ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചത്. അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിളിന്റെ സജീവപ്രവര്‍ത്തകനായ സൂരജ് സമരത്തില്‍ പങ്കെടുത്തിരുന്നു.

പ്രതിഷേധത്തില്‍ ആകെ 50ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുകയും ചെയ്തു. ബീഫ് ഫെസ്റ്റ് നടത്തിയതിനെതിരെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഉത്തരേന്ത്യക്കാരായ എബിവിപി പ്രവര്‍ത്തകരുടെ സംഘം സൂരജിനെ മര്‍ദിക്കുന്നത്. വലതുകണ്ണിന് ഗുരുതരമായി പരുക്കേറ്റ സുരജ് ആശുപത്രിയിലാണ്.
സൂരജിന് കണ്ണിനുള്‍പ്പടെ രണ്ട് ശസ്ത്രക്രിയകള്‍ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിയ്ക്കുന്നത്.