അച്ഛന്‍ കൂടി പാസ്സായിരുന്നെങ്കില്‍ സന്തോഷം ഇരട്ടിയായേനെ; ഒരുമിച്ചെഴുതിയ പ്ലസ്ടു പരീക്ഷയില്‍ വിജയിച്ച് അമ്മയും മകനും

single-img
31 May 2017

കൊല്‍ക്കത്ത: ഒരു കുടുംബത്തിലെ മൂന്നുപേര്‍ ഒരുമിച്ച് പ്ലസ്ടു പരീക്ഷ എഴുതുന്നു. റിസള്‍ട്ട് വന്നപ്പോള്‍ അമ്മയും മകനും ഉപരിപഠനത്തിനര്‍ഹര്‍. തോറ്റെങ്കിലും അടുത്ത തവണത്തെ പരീക്ഷയില്‍ വിജയിക്കുമെന്ന് അച്ഛന്‍.

വെസ്റ്റ് ബംഗാള്‍ കൗണ്‍സില്‍ ഓഫ് ഹയര്‍സെക്കന്‍ഡറി എജുക്കേഷന്റെ പ്ലസ് ടു പരീക്ഷ ഒരുമിച്ചെഴുതിയ ഈ കുടുംബം നേരത്തെ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ദണ്ഡാല ഹസ്‌റപ്പുര്‍ സ്‌കൂളില്‍ ഒരേ ക്ലാസ്സ് മുറിയില്‍ ഇരുന്നാണ് മോണ്ടാല്‍ കുടുംബത്തിലെ ഈ മൂവര്‍ സംഘം പഠിച്ചത്. ഒരുമിച്ചിരുന്ന് പഠിക്കാനും പുസ്തകം വാങ്ങിയുള്ള അധികച്ചെലവ് കുറയ്ക്കാനും ഒരേ വിഷയങ്ങളാണ് പ്ലസ്ടു പഠനത്തിനായി മൂവരും തിരഞ്ഞെടുത്തത്.

തന്റെ ആടുകള്‍ പാടത്തുമേയുന്നതിനിടെ മരച്ചുവട്ടിലിരുന്നാണ് 32 കാരി കല്ല്യാണി പ്ലസ്ടുപരീക്ഷയ്ക്ക് വേണ്ടി പഠിച്ചത്. 18 കാരന്‍ ബിപ്‌ലാബ് ആകട്ടെ പഠനത്തിനായി മണിക്കൂറുകള്‍ തന്നെ മാറ്റിവെച്ചിരുന്നു. 42 കാരന്‍ ബലറാം കൃഷിക്കാരനാണ്. മകന്‍ ബിപ്പ്‌ലാപ് ട്യൂഷന്‍ സെന്ററില്‍ പോയി പഠിക്കുന്നത് വീട്ടില്‍ വന്ന് അച്ഛനെയും അമ്മയെയും പഠിപ്പിക്കുകയായിരുന്നു പതിവ്. ബിപ്‌ലാബിന് 253 മാര്‍ക്കാണ് ലഭിച്ചതെങ്കില്‍ 228 മാര്‍ക്കാണ് കല്യാണിയുടെ വിജയതിളക്കം. അച്ഛനും കൂടി ജയിച്ചിരുന്നെങ്കില്‍ ഞങ്ങളുടെ സന്തോഷം പൂര്‍ണമാകുമായിരുന്നു എന്ന് ബിപ്‌ലാബ് പറയുന്നു.

താന്‍ നന്നായി എഴുതിയിരുന്നുവെന്നും പാസ്സാകുമെന്നായിരുന്നു പ്രതീക്ഷയെന്നും ബലറാം മാധ്യമങ്ങളോട് പങ്കു വെച്ചു. ‘പുനര്‍മൂല്യ നിര്‍ണ്ണയത്തിന് നല്‍കാന്‍ ആലോചിക്കുന്നുണ്ട്. അതില്‍ പാസ്സായില്ലെങ്കില്‍ അടുത്ത തവണയും പരീക്ഷയെഴുതുമെന്ന്’ ബലറാം ആത്മവിശ്വാസത്തോടെ പറഞ്ഞു. ഏതായാലും പരീക്ഷ പാസ്സായ അമ്മയും മകനും ഉപരിപഠനത്തിന് ഒരേവിഷയം എടുക്കാനാണ് ആലോചിക്കുന്നത്. ഇത് പഠനച്ചെലവ് കുറയ്ക്കുമെന്നും ഒരേ വിഷയം എടുക്കുന്നതിലൂടെ ഇരുവര്‍ക്കും ഒരേ പുസ്തകം ഉപയോഗിക്കാമെന്നുമുള്ള ആശ്വാസത്തിലാണ് ഇരുവരും.