അടിമാലി വിവാദ പ്രസംഗം: എംഎം മണിക്കെതിരായി സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

single-img
31 May 2017


മൂന്നാറിലെ പൊമ്പിളൈ ഒരുമൈയ്‌ക്കെതിരായ വിവാദ പ്രസംഗത്തില്‍ മന്ത്രി എംഎം മണിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ഇടപെടാന്‍ പര്യാപ്തമായ വിഷയമല്ലെന്ന് കോടതി വിലയിരുത്തി. കേസ് തള്ളിയെങ്കിലും മണിയുടെ പ്രസ്താവന അംഗീകരിക്കുന്നില്ലെന്നും കോടതി പറഞ്ഞു. മോശമായ വാക്കുകള്‍ ഉപയോഗിക്കുക എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ് എന്ന് നിരീക്ഷിച്ചാണ് ചീഫ് ജസ്റ്റിസിന്റെ ബഞ്ച് ഹര്‍ജി തള്ളിയത്.

കോടതിക്ക് ആരുടെയും സ്വഭാവം മാറ്റാനാകില്ല. സ്ത്രീവിരുദ്ധ പരാമര്‍ശമുണ്ടെങ്കില്‍ വനിതാകമ്മീഷനെ സമീപിക്കാം. സദാചാര പൊലീസാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. മന്ത്രിമാര്‍ക്കു പെരുമാറ്റച്ചട്ടം രൂപീകരിക്കാന്‍ മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കണമെന്ന ആവശ്യവും കോടതി തള്ളിക്കളഞ്ഞു.

നിര്‍ദേശം നല്ലതാണെങ്കിലും അത് തെറ്റായ കീഴ്‌വഴക്കമുണ്ടാക്കുമെന്ന് കോടതി വിലയിരുത്തി. മന്ത്രിമാരുടെ പെരുമാറ്റച്ചട്ടം മുഖ്യമന്ത്രിയുടെ വിവേചനാധികാരത്തില്‍ പെടുന്നതാണ്. ഇതില്‍ ഇടപെടുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി. എം.എം.മണിക്കെതിരെ കേസെടുക്കണമെന്ന ആവശ്യം പൊലീസ് നേരത്തെ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും സത്യം ജയിച്ചെന്നും മന്ത്രി എംഎം മണി പ്രതികരിച്ചു.