ഡല്‍ഹി നിയമസഭയില്‍ നാടകീയ രംഗങ്ങള്‍, കപില്‍ മിശ്രയും ആംആദ്മി എംഎല്‍എമാരും തമ്മില്‍ കയ്യാങ്കളി

single-img
31 May 2017

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോയ കപില്‍ മിശ്രക്കെതിരെ ഡല്‍ഹി പാര്‍ലമെന്റില്‍ കയ്യേറ്റ ശ്രമം. ചരക്കുസേവന നികുതിയെപ്പറ്റി ചര്‍ച്ചചെയ്യാനായി ഒരു ദിവസത്തേക്കു പ്രത്യേകം വിളിച്ചുചേര്‍ത്ത സഭയിലാണു നാടകീയ രംഗങ്ങളുണ്ടായത്. കെജ്‌രിവാളിനെതിരെ കപില്‍ മിശ്രയുടെ മുദ്രാവാക്യം വിളിയെത്തുടര്‍ന്നു സഭ ഏറെനേരം തടസ്സപ്പെട്ടു. ബഹളം തുടര്‍ന്ന മിശ്രയോടു സഭ വിട്ടുപോകാന്‍ സ്പീക്കര്‍ രാം നിവാസ് ഗോയല്‍ ആവശ്യപ്പെട്ടു.

എന്നാല്‍ സഭയില്‍ നിന്ന് പുറത്തുപോകാന്‍ തയ്യാറാകാതിരുന്ന മിശ്രയെ എ.എ.പി അംഗങ്ങള്‍ കൂട്ടമായെത്തി മര്‍ദിക്കുകയായിരുന്നു. സഭയില്‍ നിന്നും പുറത്ത് പോകാന്‍ കൂട്ടാക്കാത്ത മിശ്രയെ വലിച്ചിഴച്ചാണ് മാര്‍ഷല്‍മാര്‍ സഭയില്‍ നിന്നും പുറത്താക്കിയത്. തന്നെ എഎപി എംഎല്‍എമാര്‍ മര്‍ദ്ധിച്ചുവെന്ന് സഭക്ക് പുറത്ത് കപില്‍ മിശ്ര പറഞ്ഞു. ആറോ ഏഴോ പേര്‍ ചേര്‍ന്ന് തന്റെ നെഞ്ചില്‍ ഇടിക്കുകയും മര്‍ദ്ധിക്കുകയും ചെയ്‌തെന്ന് അദ്ദേഹം ആരോപിച്ചു.

ഈ സമയത്ത് ക്യാമറകള്‍ ഓഫായിരുന്നെന്നും മിശ്ര പറഞ്ഞു. കെജ്‌രിവാളിന്റെ അഴിമതി സംബന്ധിച്ച് സഭയില്‍ സംസാരിക്കാന്‍ അനുവദിക്കണമെന്ന് സ്പീക്കര്‍ക്ക് കത്തെഴുതിയിരുന്നെന്നും എന്നാല്‍ താന്‍ ആക്രമിക്കപെടുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സഭയില്‍ അക്രമം അരങ്ങേറുമ്പോള്‍ കെജ്‌രിവാള്‍ എല്ലാം കണ്ടു രസിക്കുകയായിരുന്നു. തന്നെ മര്‍ദിക്കുന്നത് തടയാന്‍ സിസോദിയയോ കെജ്‌രിവാളേ ശ്രമിച്ചില്ലെന്നും മിശ്ര പറഞ്ഞു.