ശ്രീലങ്കയിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും 193 മരണം: ദുരിതാശ്വാസത്തിനു ഇന്ത്യൻ നാവികസേന

single-img
31 May 2017

ശ്രീലങ്കയിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും 193 പേർ മരിക്കുകയും 94 പേരെ കാണാതാവുകയും ചെയ്തു. പ്രളയഭീഷണിയെ തുടർന്ന് ആറു ലക്ഷം പേർക്കാണു വീടുവിട്ട് പലായനം ചെയ്യേണ്ടിവന്നത്.

മഴയുടെയും കൊടുങ്കാറ്റിന്റെയും ശക്തി കുറയുകയും പ്രളയജലം ഇറങ്ങിത്തുടങ്ങുകയും ചെയ്തതോടെ ഒരു ലക്ഷം പേർ വീടുകളിലേക്കു തിരിച്ചെത്തി. ഇവരിൽ പലരുടെയും വീടുകൾക്കു നാശനഷ്ടമുണ്ടായിട്ടുണ്ട്. വീട് ‌തീർത്തും നശിച്ചതിനാൽ 80,000 പേർ ദുരിതാശ്വാസ ക്യ‍ാംപുകളിൽ തുടരുകയാണ്.

ഇന്ത്യൻ നാവികസേന അയച്ച 325 അംഗ സംഘം ദുരിതാശ്വാസ പ്രവർത്തനങ്ങളിലും രക്ഷാപ്രവർത്തനങ്ങളിലും പങ്കുചേർന്നു. ഇന്ത്യ അയച്ച മൂന്നാമത്തെ കപ്പലും ഇന്നലെ എത്തിച്ചേർന്നു. ഐ എൻ എസ് ശാർദ്ദൂൽ, ഐ എൻ എസ് കിർച്ച് എന്നീ കപ്പലുകൾക്കു ശേഷം ഐ എൻ എസ് ജലാശ്വയാണ് ഇന്നലെയെത്തിയത്.

ഭക്ഷണസാധനങ്ങളാണ് ഈ കപ്പലിൽ. വിദേശരാജ്യങ്ങളിൽ നിന്നും സഹായമെത്തിത്തുടങ്ങി. പാക്കിസ്ഥാനിൽനിന്നുള്ള സഹായവുമായി ഒരു കപ്പൽ ഇന്നലെ എത്തി. മൂന്നു ചൈനീസ് കപ്പലുകൾ നാളെ എത്തും. മഴയുടെ ശക്തി ഇന്നു കുറയുമെന്നാണ് പ്രവചനം.