കശാപ്പിനോ ഇറച്ചി വില്‍പ്പനയ്‌ക്കോ നിരോധനമില്ലെന്ന് കേന്ദ്രം, ഉത്തരവ് സ്റ്റേ ചെയ്യരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍

single-img
31 May 2017

കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഉത്തരവ് സ്റ്റേ ചെയ്യരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കശാപ്പ് പൂര്‍ണമായും നിരോധിച്ചിട്ടില്ലെന്നും കശാപ്പിനായി ചന്തകള്‍ വഴിയുള്ള കന്നുകാലി വില്‍പനയ്ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയതെന്നും ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇറച്ചി വില്‍ക്കുന്നതിനോ കശാപ്പിനോ നിരോധനമില്ല. അതിനാല്‍ കന്നുകാലി കടത്ത് നിയന്ത്രണ ഉത്തരവ് സ്‌റ്റേ ചെയ്യരുതെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അഭ്യര്‍ത്ഥിച്ചു.

കന്നുകാലി ചന്ത വഴിയുള്ള കാലികളുടെ വില്‍പന കാര്‍ഷിക ആവശ്യത്തിന് മാത്രമാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സിംഗിള്‍ ബഞ്ച് വാദം കേള്‍ക്കവെയാണ് കേന്ദ്രം ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിക്കാരെ അനുകൂലിച്ചു. കേസ് ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് മാറ്റിവെച്ചു. ഇന്നത്തെ വാദം വിശദമായി പരിശോധിച്ച ശേഷം ഉത്തരവുണ്ടാകുമെന്നും കോടതി പറഞ്ഞു.

കേരള ഹൈക്കോടതിയില്‍ രാവിലെ സമാന ഹര്‍ജി പരിഗണിച്ച ഡിവിഷന്‍ ബഞ്ച് കേന്ദ്രത്തിന് അനുകൂലമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. കന്നുകാലികളുടെ കശാപ്പോ വില്‍പ്പനയോ നിരോധിച്ചിട്ടില്ലെന്നും ചട്ടങ്ങള്‍ പൂര്‍ണാര്‍ത്ഥത്തില്‍ വായിച്ചുനോക്കാതെയാണ് പ്രതിഷേധവുമായി ഇറങ്ങുന്നതെന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കന്നുകാലികളെ അറുക്കാനായി ചന്തയില്‍ വില്‍ക്കരുതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം.

കഴിക്കരുതെന്നോ കൊല്ലരുതെന്നോ വില്‍ക്കരുതെന്നോ ഒരു നിയമത്തിലും പറഞ്ഞിട്ടില്ല. കേന്ദ്രത്തിന്റെ ഉത്തരവില്‍ മൗലികാവകാശങ്ങളുടെ ലംഘനമില്ല. ഇതുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജി നിലനില്‍ക്കില്ലെന്നും കോടതി വിലയിരുത്തി. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പിന്‍വലിച്ചു. ഇതേ വിഷയവുമായി ബന്ധപ്പെട്ടുളള മൂന്നു ഹര്‍ജികളും കോടതി ഇന്ന് പരിഗണിച്ചു.