കശാപ്പ് നിരോധനത്തെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയിലേക്ക്, പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കും

single-img
31 May 2017

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കന്നുകാലി കശാപ്പ് നിയന്ത്രണം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാനാണ് ഇടതുസര്‍ക്കാര്‍ കൈകൊണ്ട തീരുമാനം. ഈ വിഷയത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാനും മന്ത്രിസഭാ യോഗത്തില്‍ തത്വത്തില്‍ തീരുമാനമായി. കശാപ്പ് നിരോധന ഉത്തരവിനെതിരെ നടപടികളാലോചിക്കാന്‍ സര്‍ക്കാര്‍ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തും. നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിശകലനം ചെയ്യും.

ഭക്ഷണ കാര്യത്തിലെ കേന്ദ്രസര്‍ക്കാരിന്റെ കടന്നുകയറ്റത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയരുന്നുണ്ട്. കേരളത്തിലും ബീഫ് ഫെസ്റ്റിവലടക്കം നടത്തി കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം വ്യാപകമാകുന്നതിന് ഇടയിലാണ് ഹൈക്കോടതിയിലേക്ക് നീങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മൃഗങ്ങളോടുള്ള ക്രൂരത തടയണമെന്ന നിയമം ഉപയോഗിച്ചാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം രാജ്യത്ത് കന്നുകാലികളെ കശാപ്പിന് വേണ്ടി വില്‍ക്കുന്നത് നിരോധിച്ചത്.