ദേശീയപാതയിലെ പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ ഹൈക്കോടതിയുടെ അനുമതി

single-img
31 May 2017

കൊച്ചി: സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് സംസ്ഥാനത്തെ ദേശീയപാതയ്ക്ക് സമീപം അടച്ചുപൂട്ടിയ മദ്യശാലകള്‍ ഹൈവേ അതോറിറ്റിയുടെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ തുറക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ദേശീയപാതയുടെ പദവി എടുത്തുകളഞ്ഞ 2014ലെ കേന്ദ്രവിജ്ഞാപനം ചൂണ്ടിക്കാട്ടി ബാറുടമകള്‍ കോടതിയെ സമീപിച്ചതോടെയാണ് അനുകൂല വിധി ഉണ്ടായത്.

ഇതോടെ തിരുവനന്തപുരം മുതല്‍ അരൂര്‍ വരെയും കുറ്റിപ്പുറം മുതല്‍ കണ്ണൂര്‍ വരെയുളളതുമായ ബാറുകളും, മദ്യവില്‍പ്പന കേന്ദ്രങ്ങളും ഇന്നും നാളെയുമായി തുറക്കും.
ഹൈക്കോടതി വിധിയുടെ ബലത്തില്‍ ബാറുടമകള്‍ ബാര്‍ ലൈസന്‍സിനായി എക്‌സൈസ് വകുപ്പിനെ സമീപിച്ചപ്പോള്‍ മാത്രമാണ് ഇങ്ങനെയൊരു വിജ്ഞാപനം വന്ന കാര്യം സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിഞ്ഞത്. ബാര്‍ ഉടമകളുടെ അപേക്ഷ പരിശോധിച്ച എക്‌സൈസ് ഉദ്യോഗസ്ഥര്‍ വിധിക്ക് സ്റ്റേ ലഭിക്കുമോയെന്നറിയുന്നതിനായി ഇക്കാര്യം എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗിന്റെ ശ്രദ്ധയില്‍പ്പെടുത്തി .

തുടര്‍ന്ന് ഋഷിരാജ് സിംഗ് അഡ്വക്കേറ്റ് ജനറലുമായി ചര്‍ച്ച നടത്തിയെങ്കിലും വിധി നടപ്പാക്കുകയല്ലാതെ വേറെ വഴിയില്ല എന്ന നിയമോപദേശമാണ് അദ്ദേഹത്തിന് ലഭിച്ചത്.
കണ്ണൂരിനും തിരുവനന്തപുരത്തിനുമിടയിലുള്ള നാല്‍പ്പത് ബാറുകള്‍ക്ക് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം. കേന്ദ്രഭരണ പ്രദേശമായ മാഹിയിലെ 32 ബാറുകളും ഇന്നും നാളെയുമായി തുറക്കുമെന്നും ബാറുടമകള്‍ അറിയിച്ചിട്ടുണ്ട്. ദേശീയപാത പദവി എടുത്തു കളഞ്ഞുള്ള ദേശീയപാത അതോറിറ്റിയുടെ 2014 ലെ വിജ്ഞാപനം വിദഗ്ദ്ധമായി ഉപയോഗിച്ചാണ് ബാര്‍ ഉടമകള്‍ ഹൈക്കോടതിയില്‍ നിന്ന് സുപ്രധാന വിധി തേടിയത്.