ആര്‍എസ്എസിന്റെ പുസ്തക വിതരണം ഉദ്ഘാടനം ചെയ്ത് സിപിഎം എംഎല്‍എ: അരുണന്‍ മാസ്റ്ററുടെ നടപടി വിവാദത്തിലേക്ക്

single-img
31 May 2017

ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത സിപിഎം നേതാവും ഇരിങ്ങാലക്കുട എംഎല്‍എയുമായ അരുണന്‍ മാസ്റ്ററുടെ നടപടി വിവാദത്തിലേക്ക്. തൃശൂര്‍ ഊരകത്ത് സ്വര്‍ഗീയ ഷൈനിന്റെ പാവന സ്മരണയ്ക്ക് എന്ന പേരില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച പുസ്തക വിതരണ പരിപാടിയിലാണ് എംഎല്‍എ പങ്കെടുത്തത്. പരിപാടി ഉദ്ഘാടനം ചെയ്തതും കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തതുമെല്ലാം അരുണന്‍ എം.എല്‍.എ തന്നെയായിരുന്നു.

ഈ ചിത്രം വി.ടി ബല്‍റാം എം.എല്‍.എ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറത്താവുകയും വിവാദമാവുകയും ചെയ്തത്. ‘പകല്‍ സിപിഎം പകല്‍ തന്നെ ആര്‍എസ്എസ്’ എന്ന ഹാഷ്ടാഗോടുകൂടിയാണ് ബല്‍റാം എംഎല്‍എ ഈ ചിത്രം പങ്കുവെച്ചത്. ഇതോടെ ചിത്രം സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുകയും വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവെക്കുകയും ചെയ്തു. സിപിഎമ്മിലെ ചില നേതാക്കളും എംഎല്‍എയുടെ നടപടിക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.