കാണാതായ സുഖോയ് വിമാനത്തിലുണ്ടായിരുന്ന മലയാളി പൈലറ്റ് അച്ചുദേവിന്റേയും സഹപൈലറ്റിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി

single-img
31 May 2017

chudev

ന്യൂഡല്‍ഹി: അരുണാചലിലെ കൊടുംകാട്ടില്‍ തകര്‍ന്നുവീണ സുഖോയ് വിമാനത്തിലെ മലയാളി ഉള്‍പ്പെടെയുള്ള രണ്ടു പൈലറ്റുകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി അച്ചുദേവ്, സഹപൈലറ്റ് ദിവേശ് പങ്കജ് എന്നിവരുടെ മൃതദേഹങ്ങള്‍ അരുണാചല്‍ അതിര്‍ത്തിയില്‍ വിമാനാവശിഷ്ടങ്ങള്‍ കിട്ടിയ സ്ഥലത്തു നിന്നും തന്നെയാണ് കണ്ടെത്തിയത്. ഇന്നലെ വൈകീട്ടാണ് തെരച്ചിലിനിടെ പൈലറ്റുമാരുടെ ശരീരാവശിഷ്ടങ്ങള്‍, പഴ്‌സ് എന്നിവ കണ്ടെത്തിയത്. ശരീരാവശിഷ്ടങ്ങള്‍ പരിശോധനക്കായി പൂണെയിലേക്ക് അയക്കും.

ഈ മാസം 23 നാണ് തേസ്പൂരിലെ വ്യോമത്താവളത്തില്‍ നിന്നും പരിശീലനപ്പറക്കല്‍ നടത്തുന്നതിനിടെ വിമാനം കാണാതായത്. പരീക്ഷണ പറക്കലിനിടയില്‍ അരുണാചല്‍ പ്രദേശിന്റെയും അസമിന്റെയും അതിര്‍ത്തിയായ കൊടുംകാട്ടില്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. ചെങ്കുത്തായ മലഞ്ചെരുവില്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നെന്നാണ് നിഗമനം. നേരത്തേ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സും മറ്റും കണ്ടെത്തിയിരുന്നു. പറന്നുയര്‍ന്ന് 30 മിനിറ്റിനകം വിമാനം തകര്‍ന്നെന്നാണ് വിവരം.