2020 ആകുമ്പോള്‍ പ്രതിവര്‍ഷം 90 ലക്ഷം മനുഷ്യര്‍ പുകയിലജന്യരോഗങ്ങളാല്‍ മരിക്കും, ഓര്‍മ്മപ്പെടുത്തലുമായി ഇന്ന് പുകയില വിരുദ്ധ ദിനം

single-img
31 May 2017

സുസ്ഥിര വികസനത്തിന് പുകയില നിര്‍മാര്‍ജനം അനിവാര്യമെന്ന സന്ദേശവുമായി ലോകാരോഗ്യസംഘടന ഇന്ന് പുകയില വിരുദ്ധ ദിനം ആചരിക്കുന്നു. പരസ്യമായുള്ള പുകവലി നിരോധനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ കേരളത്തിലും സ്ത്രീകള്‍ക്കിടയില്‍ വരെ പുകവലി വര്‍ധിക്കുന്നതായാണ് പഠനം. പാന്‍പരാഗ്, ഗുഡ്ക പോലുള്ള ചവയ്ക്കുന്ന പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണവും വര്‍ധിക്കുന്നതായാണ് ആരോഗ്യവിദഗ്ധരുടെ നിരീക്ഷണം.

 

പുകയിലയുടെയും പുകയില അടങ്ങിയ വസ്തുക്കളുടെയും ഉപയോഗം നിര്‍ത്തലാക്കാക്കുക, പുകയിലയുടെ ദൂഷ്യഫലങ്ങളെപ്പറ്റി സമൂഹത്തെ ബോധവല്‍ക്കരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ മെയ് 31 ന് ലോകമെങ്ങും പുകയില വിരുദ്ധദിനം ആചരിക്കുന്നത്. ലോകത്തില്‍ പ്രതിവര്‍ഷം 60 ലക്ഷത്തോളം ആള്‍ക്കാരുടെ മരണത്തിന് കാരണം പുകയിലയുടെ ഉപഭോഗമാണ്. 2014 ലെ കണക്കുകള്‍ അനുസരിച്ച് ലോകത്ത് ഒരു സെക്കന്‍ഡില്‍ ഒരാള്‍ വീതം പുകയില എന്ന മാരക വിഷത്തിന്റെ ഉപയോഗം മൂലം കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്. പുകയില ഓരോ വര്‍ഷവും കവര്‍ന്നെടുക്കുന്ന 6 ദശലക്ഷം ജീവനുകളില്‍ ആറുലക്ഷത്തോളം പേര്‍ മറ്റുള്ളവരുടെ പുകവലിയുടെ ഇരകളാണെന്നതാണ് മറ്റൊരു വേദനിപ്പിക്കുന്ന വസ്തുത.

 

ലാന്‍സെറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠന പ്രകാരം 2015ല്‍ ലോകത്താകമാനം ഉണ്ടായ ആകെ മരണങ്ങളില്‍ 11% പുകയില ദുരുപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതില്‍ 52.2% മരണങ്ങള്‍ ചൈന, ഇന്ത്യ, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുമാണ്. കാന്‍സര്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍, മോണരോഗങ്ങള്‍, ലൈംഗികശേഷി കുറവ് എന്നിവയ്ക്ക് പുകയിലയുടെ ഉപയോഗം പ്രധാന കാരണമാണ്. ക്ഷയരോഗ സാധ്യത വര്‍ധിക്കാനും പുകവലി കാരണമാകും.

 

ലോകത്തു പലയിടത്തും പുകയില വന്‍തോതില്‍ കൃഷി ചെയ്യുന്നു. പുകയിലെ ഉല്‍പ്പന്നങ്ങള്‍ ലോകത്ത് വന്‍കിട കുത്തക കമ്പനികളുടെ വമ്പിച്ച വരുമാന മാര്‍ഗ്ഗമാണ്. കോടിക്കണക്കിന് ഡോളറിന്റെ ഇടപാടുകളാണ് പുകയിലയും പുകയില ഉല്‍പ്പന്നങ്ങള്‍ വഴിയും നടക്കുന്നത്. പുകയില ഒരു മാരക രോഗകാരിയാണെന്നും അത് പുകവലിക്കുന്നവനെ മാത്രമല്ല അവനോട് സഹവസിക്കുന്നവന്റെയും ആരോഗ്യത്തെ ബാധിക്കുന്നുവെന്നും പഠനങ്ങളില്‍ സംശയഭേദമന്യേ തെളിയിക്കപ്പെട്ടതാണ്. പുകയിലയുടെ പുക ശ്വസിക്കുന്നവര്‍ക്കും ഇത് രോഗം വരുത്തിവയ്ക്കുന്നു എന്ന് സാരം.

 

ഒരു സിഗരറ്റില്‍ നാലായിരത്തില്‍പരം രാസപദാര്‍ഥങ്ങള്‍ അടങ്ങിയിരിക്കുന്നു. അതില്‍, 600ഓളം രാസവസ്തുക്കള്‍ നേരിട്ട് കാന്‍സര്‍ ഉണ്ടാക്കാന്‍ കഴിയുന്നവയാണ്. ശ്വാസകോശാര്‍ബുദത്തിലെ പ്രധാന വില്ലനാണ് പുകയില. സിഗരറ്റ്പുകയിലെ അമ്പതില്‍പ്പരം രാസവസ്തുക്കള്‍ അര്‍ബുദകാരികളാണ്. വായ, തൊണ്ട, അന്നനാളം എന്നിവിടങ്ങളിലെ അര്‍ബുദത്തിനുള്ള പ്രധാന കാരണം പുകയിലയാണ്. മൂത്രസഞ്ചി, വൃക്ക, പാന്‍ക്രിയാസ് എന്നിവയില്‍ ക്യാന്‍സറിനുള്ള പരോക്ഷ കാരണവും പുകയിലതന്നെ.

 

പുകയിലയില്‍ അടങ്ങിയ നിക്കോട്ടിന്‍ എന്ന രാസവസ്തു പുകയെടുത്ത് പത്തുസെക്കന്‍ഡിനുള്ളില്‍ തലച്ചോറില്‍ ലഹരിയായി പ്രവര്‍ത്തിക്കുന്നു. ഇത് ഹൃദ്രോഗത്തിനും രക്തസമ്മര്‍ദം ഉയര്‍ത്തുക വഴി പക്ഷാഘാതത്തിനും കാരണമാകുന്നു. സിഗരറ്റില്‍ അടങ്ങിയിട്ടുള്ളതില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വാസകോശാര്‍ബുദത്തിനിടയാക്കും. സിഗരറ്റിലെ ഏറ്റവും കൊടിയ രാസവസ്തുവായ ബെന്‍സ് പയറിന്‍ രക്തത്തില്‍ കലര്‍ന്ന് ശരീര കോശങ്ങളെ നശിപ്പിക്കുകയും എല്ലാ അവയവങ്ങളെയും ക്ഷയിപ്പിക്കുകയും ചെയ്യും.

 

ലോകത്തില്‍ ആകെ പുകയില ഉപഭോക്താക്കളില്‍ 12% ഇന്ത്യയിലാണ്. പുകയില ഉല്‍പാദനത്തില്‍ ലോക രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യക്കുള്ളതെങ്കില്‍ ഉപഭോഗത്തില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നിട്ടുണ്ട് എന്നാണ് വാര്‍ത്തകള്‍. പുകയില ഉപയോഗം മൂലം പ്രതിവര്‍ഷം ഇന്ത്യയില്‍ മരിക്കുന്നവരുടെ എണ്ണം എണ്ണം പത്തു ലക്ഷം കവിയുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തല്‍. കേരളത്തില്‍ അവരുടെ എണ്ണം 40,000. ഇന്ത്യയിലെ 120 കോടി ജനങ്ങളില്‍ 27.4 കോടി പേര്‍ പുകയില ഉപഭോക്താക്കളാണ്. പുകവലിക്കുന്നവരുടെ എണ്ണം 18.2 കോടിയും.

74 ശതമാനം കുട്ടികള്‍ ഒരു പ്രാവശ്യമെങ്കിലും സിഗരറ്റോ ബീഡിയോ വലിച്ചിട്ടുണ്ടെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുകയില ഉത്പ്പന്നങ്ങള്‍ നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ പല പദ്ധതികളും വലിയ പ്രചാരണ പരിപാടികളും ഒക്കെ നടപ്പിലാക്കിയിട്ടും 1998- 2016 കാലയളവില്‍ പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായതാണ് കണക്കുകള്‍ കാണിക്കുന്നത്.

 

ഇന്ത്യയില്‍ കാന്‍സര്‍ രോഗികളില്‍ 90 ശതമാനത്തിനും ശ്വാസകോശത്തിലും തൊണ്ടയിലും വായയിലുമാണ് രോഗം ബാധിക്കുന്നത്. പുകവലിയില്‍നിന്ന് പിന്മാറി പുകയില അടങ്ങിയ പാന്‍മസാലകള്‍ പോലുള്ളവയുടെ വര്‍ധിച്ചുവരുന്ന ഉപഭോഗമാണിതിനു കാരണം. പഴയതില്‍ നിന്നും വിരുദ്ധമായി പുകവലിയില്‍ സ്ത്രീകളും പുരുഷന്മാരുടെ ഒപ്പമെത്താനൊരുങ്ങുന്നതാണ് ഈ വര്‍ഷത്തെ പുകയില വിരുദ്ധ ദിനത്തിലെ ഏറ്റവും വലിയ ആശങ്ക. നഗര പ്രദേശങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍ പുകയിലയുടെ ഉപയോഗം വളരെ കൂടുതലാണ് താനും.

 

ഇന്ത്യയില്‍ ലഹരിയുപയോഗത്തിന്റെ കാര്യത്തില്‍ പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ കഴിഞ്ഞാല്‍ അടുത്ത സ്ഥാനം കേരളത്തിനാണ്. ഇതില്‍ നിരോധിത പുകയില ഉത്പ്പന്നങ്ങളുടെയും ലഹരി വസ്തുക്കളുടെയും ഉപയോഗം ഏറ്റവും കൂടിയത് എറണാകുളം ജില്ലയിലും. കേരളത്തില്‍ ഓരോ വര്‍ഷവും ഏകദേശം അര ലക്ഷത്തോളം കാന്‍സര്‍ രോഗബാധിതര്‍ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം പുകവലി വ്യാപകമാകുന്നതിനാലാണ്. പുകവലി മാത്രമല്ല പുകയില ചവയ്ക്കുന്നതും പാന്‍മസാലകള്‍ ഉപയോഗിക്കുന്നതും കാന്‍സര്‍ ഉണ്ടാക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 15 ശതമാനം സ്ത്രീകളെങ്കിലും പുകയില ഉപയോഗംകൊണ്ട് കാന്‍സര്‍ ക്ഷണിച്ചുവരുത്തുന്നുണ്ട്.

 

പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധനം,18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സിഗരറ്റോ മറ്റ് പുകയില ഉത്പ്പന്നങ്ങളോ വില്‍ക്കാന്‍ പാടില്ല, പുകയില വസ്തുക്കളുടെ പരസ്യങ്ങള്‍ക്ക് നിയന്ത്രണം, സിഗരറ്റ് പായ്ക്കറ്റുകളില്‍ 80% വലിപ്പത്തില്‍ ആരോഗ്യ മുന്നറിയിപ്പ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നൂറടിയോളം ദൂരം വരെ ഇവയുടെ വില്‍പ്പനയ്ക്ക് നിയന്ത്രണം തുടങ്ങി നിരവധി നിയമങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടും കാര്യമായ മാറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്‌കുള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും പുകയില ഉത്പ്പന്നങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ചതും ആശങ്കാജനകമാണ്.

സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരും കൂടുതല്‍ കാര്യക്ഷമമായ പദ്ധതികള്‍ നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് പുകയില കാരണം ഉള്ള മരണസംഖ്യയിലുണ്ടായ വര്‍ദ്ധനവ് സൂചിപ്പിക്കുന്നത്. 2020 ആകുമ്പോള്‍ പ്രതിവര്‍ഷം 90 ലക്ഷം മനുഷ്യര്‍ പുകയിലജന്യരോഗങ്ങളാല്‍ മരിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ 70 ലക്ഷം പേരും വികസ്വരരാഷ്ട്രങ്ങളില്‍നിന്നുള്ളവരാകും. ഈ ദുരന്തം ഒഴിവാക്കാന്‍ പുകയിലയോടുള്ള അഭിനിവേശം ഇല്ലാതാക്കുകയേ നിവൃത്തിയുള്ളു.