രാജ്യത്ത് മനുഷ്യരേക്കാള്‍ വില പശുവിനോ? മോര്‍ച്ചറിയില്‍ ചത്ത പശുവിന്റെ ജഢം; 14 കാരിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത് തെരുവില്‍

single-img
31 May 2017

ഭോപ്പാല്‍: ഗോ സംരക്ഷണത്തിന് മുറവിളി കൂട്ടുന്ന രാജ്യത്ത് മനുഷ്യനേക്കാള്‍ വില പശുവിനാണെന്ന ആരോപണം ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍

പുറത്തുവന്നിരിക്കുന്നത്. മോര്‍ച്ചറിയില്‍ പശുവിന്റെ ജഢം ഉള്ളതിനാല്‍ 14 കാരിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തത് ആളുകള്‍ കാണ്‍കെ പരസ്യമായി.

മധ്യപ്രദേശിലെ ഗാദര്‍വാര നഗരത്തിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ആര്‍തി ദുബെ എന്ന പെണ്‍കുട്ടിയുടെ മൃതദേഹമാണ് തുറന്ന സ്ഥലത്ത് വച്ച് പോസ്റ്റ് മോര്‍ട്ടം ചെയ്തത്. ഡോക്ടര്‍ തന്നെ ഇക്കാര്യം പരസ്യപ്പെടുത്തുകയായിരുന്നു.

മഹ്ഗാവന്‍ ഗ്രാമത്തിലാണ് ആര്‍തി ദുബെയുടെ വീട്. ഞായറാഴ്ച വൈകീട്ട് ഷോക്കേറ്റാണ് കുട്ടി മരിച്ചത്. പോലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച അതിരാവിലെ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. പക്ഷേ മോര്‍ച്ചറിയില്‍ ഒഴിവുണ്ടായിരുന്നില്ലെന്നാണ് ആശുപത്രി അധികൃതര്‍ വീട്ടുകാരെ അറിയിച്ചത്. നോക്കിയപ്പോള്‍ മോര്‍ച്ചറിയില്‍ പശുവിന്റെ ജഡമായിരുന്നു.

വീട്ടുകാരുടെ ആവശ്യത്തിനൊടുവില്‍ ഡോക്ടര്‍മാര്‍ വിവരം സബ് ഡിവിഷനല്‍ മജിസ്ട്രേറ്റിനെ അറിയിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ അനുമതിയോടെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം പരസ്യമായി പോസ്റ്റ്മോര്‍ട്ടം ചെയ്തത്. എന്നാല്‍ തനിക്ക് ഈ സംഭവത്തെ കുറിച്ച് അറിയില്ലെന്നാണ് സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് രാജേന്ദ്ര റായ് പറഞ്ഞത്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് നര്‍സിങ് പൂരിലെ ഉന്നത മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ ആശുപത്രി സന്ദര്‍ശിച്ചു. ഉന്നത തല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. നര്‍സിങ്പൂരിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആര്‍പി ഫൗജ്ദാര്‍ ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി.

ആശുപത്രിയിലെ ഡോക്ടര്‍മാരും പ്രാദേശിക ഭരണകൂടവും ഗുരുതരമായ വീഴ്ച വരുത്തിയെന്നും ആശുപത്രി വികസനത്തിനായി ലക്ഷക്കണക്കിന് രൂപ കൈമാറിയിരുന്നുവെന്നും ഫൗജ്ദാര്‍ പറഞ്ഞു. മോര്‍ച്ചറിയുടെ കൊളുത്ത് കേടായിരുന്നു. അതുകൊണ്ട് തന്നെ പശുവിന്റെ ജഡം ചീഞ്ഞ് മണം പുറത്തേക്ക് വന്നിരുന്നു. മോര്‍ച്ചറിയുടെ വാതില്‍ അടയ്ക്കാന്‍ സാധിക്കാത്തതിനാല്‍ പരിസരത്തൊന്നും നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

നാല് ദിവസമായി പശുവിന്റെ ജഡം മോര്‍ച്ചറിയില്‍. അത് നീക്കാന്‍ ആശുപത്രി ജീവനക്കാര്‍ തയ്യാറായിരുന്നില്ല. ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെ ആശുപത്രിയിലുണ്ട്. എന്നിട്ടും നടപടി സ്വീകരിച്ചില്ല. മുന്‍സിപ്പല്‍ അധികൃതര്‍ക്ക് പശുവിന്റെ ജഡം മാറ്റണമെന്നാവശ്യപ്പെട്ട് കത്തയച്ചിരുന്നുവെങ്കിലും അവര്‍ എത്തിയില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.