കശാപ്പു നിരോധന ഉത്തരവിൽനിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രം;നിയന്ത്രണത്തിൽ നിന്ന് എരുമയെയും പോത്തിനെയും ഒഴിവാക്കാൻ തീരുമാനിച്ചിട്ടില്ല

single-img
30 May 2017

ന്യൂഡല്‍ഹി: കശാപ്പിനായി കാലിവില്‍പ്പന നിരോധിച്ചതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിൽ ചട്ടത്തിൽ ഭേദഗതി വരുത്തിയേക്കുമെന്ന റിപ്പോർട്ടുകൾ കേന്ദ്ര സർക്കാർ തള്ളി. നിയന്ത്രണത്തിൽ നിന്ന് പോത്തിനെയും എരുമയെയും ഒഴിവാക്കുന്നതിന് ഇപ്പോൾ യാതൊരു തീരുമാനവും ഇല്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങൾ സൂചിപ്പിച്ചു.

കഴിഞ്ഞ ജനുവരിയിൽ കരട് വിജ്ഞാപനം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് പൊതുജനാഭിപ്രായം തേടിയപ്പോൾ ആരും എതിർപ്പ് ഉന്നയിച്ചില്ലെന്ന് വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. കരട് വിജ്ഞാപനത്തിൽ പ്രതികരിച്ച 13 പേരും പുതിയ നിയന്ത്രണങ്ങളെ പിന്തണയ്‌ക്കുകയാണ് ചെയ്തത്. ഇതേ തുടർന്നാണ് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചതെന്നും മന്ത്രാലയം അറിയിച്ചു.
മന്ത്രാലയം പുറത്തിറക്കിയ അന്തിമ വിജ്ഞാപനത്തിൽ പശു, കാള, പോത്ത്, എരുമ, കാളക്കുട്ടി, പശുക്കുട്ടി, ഒട്ടകം എന്നിവയാണ് കന്നുകാലി നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ ഭേദഗതി കൊണ്ടുവരാനാണ് വിവിധ സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.ഇതുസംബന്ധിച്ച് ഒട്ടേറെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ച് വരുകയാണെന്നും മന്ത്രാലയ സെക്രട്ടറി എ.എൻ. ഝാ പറഞ്ഞു.