‘ഭക്ഷണം മനുഷ്യന്റെ പ്രാഥമിക അവകാശം, ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് എന്തവകാശം?’;കന്നുകാലികളെ കശാപ്പിന് വിൽക്കുന്നത് നിരോധിച്ച ഉത്തരവിന് സ്റ്റേ

single-img
30 May 2017

ചെന്നൈ: കന്നുകാലികളെ കശാപ്പിന് വിൽക്കുന്നത് നിരോധിച്ച് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്‍റെ ഉത്തരവിന് ഇടക്കാല സ്റ്റേ. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് കേന്ദ്രത്തിന്‍റെ ഉത്തരവ് സ്റ്റേ ചെയ്തത്. നാലാഴ്ചത്തേക്കാണ് സ്റ്റേ. ഭക്ഷണം പൗരന്‍റെ മൗലികാവകാശമാണെന്നും അതിൽ ഇടപെടാൻ കേന്ദ്ര സർക്കാരിന് എന്ത് അവകാശമുണ്ടെന്നും ഉത്തരവ് സ്റ്റേ ചെയ്ത് കോടതി ചോദിച്ചു.

കേന്ദ്ര വിജ്ഞാപനത്തെ ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി സ്‌റ്റേ അനുവദിച്ചത്. ആക്ടിവിസ്റ്റും അഭിഭാഷകനുമായ സെല്‍വഗോമതിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
കഴിഞ്ഞയാഴ്ചയാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം കാലികളെ കശാപ്പിന് വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് വിഷയത്തിൽ മദ്രാസ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായിരിക്കുന്നത്.1960ലെ മൃഗങ്ങള്‍ക്ക് എതിരായ ക്രൂരത തടയുന്നതിനുള്ള നിയമത്തിന്റെ കീഴിലാണ് കേന്ദ്രം കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിയന്ത്രിച്ചത്. മതപരമായ ആവശ്യങ്ങള്‍ക്കായി ഇത്തരത്തില്‍ കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചിരുന്നു.