ഒരു മാസത്തിനുള്ളില്‍ പുതിയ മദ്യ നയം;സുപ്രീം കോടതി വിധിക്കനുസൃതമായി ടു സ്റ്റാറുകള്‍ മുതലുള്ള എല്ലാ ബാറുകളും തുറക്കും

single-img
30 May 2017

തിരുവനന്തപുരം : വി എസ് അച്യുതന്ദന്‍ സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം അടിസ്ഥാനമാക്കി പുതിയ മദ്യ നയം രൂപികരിക്കാന്‍ ഇടതു മുന്നണിയില്‍ ധാരണയായി. പുതിയ മദ്യനയം ജൂണ്‍ 30നകം പ്രഖ്യാപിക്കുമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു. 2014 മാര്‍ച്ച് 31 നു ശേഷം ലൈസന്‍സ് പുതുക്കാത്ത 418 ബാറുകള്‍ ഉള്‍്‌പ്പെടെ സംസ്ഥാനത്തെ 850 ബാറുകളും തുറക്കാനുള്ള അനുമതിയാകും പുതിയ നയത്തോടെ ലഭിക്കുക.

സുപ്രീം കോടതിയുടെ ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യശാലാ നിരോധന ഉത്തരവ് കൂടി പരിഗണിച്ചുള്ള മദ്യനയമായിരിക്കും നടപ്പില്‍ വരിക. ദേശീയ ,സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ 400 മദ്യശാലകള്‍ക്കേ ഇതു കൊണ്ട് പ്രയോജനം ഉണ്ടാകൂ. ഈ സാഹചര്യത്തില്‍ പൂട്ടിയ ബാറുകള്‍ മറ്റൊരിടത്തേക്ക് മാറ്റി തുറക്കാനുള്ള അനുമതിയാകും ബാറുടമകള്‍ ആദ്യം തേടുക. മോശം സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നുള്ളതു കൊണ്ടാണ് 2014 മാര്‍ച്ച് 31 നു ശേഷം 418 ബാറുകളുടെ ലൈസന്‍സ് പുതുക്കാതിരുന്നത്.

2015 മാര്‍ച്ച് മുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകള്‍ ഒഴികെ എല്ലാം പൂട്ടാന്‍ തീരുമാനിച്ചു. എന്നാല്‍ മോശം സാഹചര്യത്തിന്റെ പേരില്‍ ലൈസന്‍സ് നിഷേധിച്ച ബാര്‍ ഹോട്ടലുകളിലെല്ലാം ഇപ്പോള്‍ സ്ഥിതി മെച്ചപ്പെട്ടുവെന്നാണ് എക്‌സൈസിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ബാര്‍ ലൈസന്‍സുകള്‍ എല്ലാ ടൂസ്റ്റാറുകള്‍ക്കും നല്‍കാമെന്ന വിലയിരുത്തല്‍ വരുന്നത്. ഇതു കൂടി പരിഗണിച്ചാവും പുതിയ മദ്യനയം തയ്യാറാക്കുന്നത്.

ടൂറിസം മേഖലയില്‍ നിന്നുള്ള വരുമാനത്തിന്റെ പ്രതിസന്ധി പരിഹരിക്കാനാകും പുതിയ മദ്യനയം ശ്രമിക്കുകയെന്ന് മദ്യനയം സംബന്ധിച്ച് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി.